തിരുവനന്തപുരത്ത് 3000 കിലോ ചീഞ്ഞ മല്‍സ്യം പിടികൂടി; നാല് ദിവസം കൊണ്ട് പിടികൂടിയത് 35,000 കിലോ; വളത്തിന് വച്ച മല്‍സ്യം വില്‍പ്പനക്കെത്തുന്നു

kerala fish raid

തിരുവനന്തപുരം: വെളളറടയില്‍ അഴുകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മൂവായിരം കിലോ മല്‍സ്യം പിടികൂടി. തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്ത് നിന്ന് എത്തിച്ച മല്‍സ്യമാണ് പൊലീസ് പിടിച്ചെടുത്തത്. ഒരുമാസത്തോളം പഴക്കമുള്ളതാണ് പിടിച്ചെടുത്ത മല്‍സ്യം. ഡ്രൈവറേയും സഹായിയേയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം അമരവിളയില്‍ നിന്ന് നാലായിരം കിലോ മല്‍സ്യം പിടികൂടിയിരുന്നു.

പഴകിയ മല്‍സ്യങ്ങള്‍ എത്തിക്കുന്ന 30ലേറെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് സൂചന ലഭിച്ചു. വളത്തിന് വരെ വച്ച മല്‍സ്യം കേരളത്തിലെത്തിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രണ്ടാഴ്ച്ച മുതല്‍ രണ്ട് മാസം വരെ പഴക്കമുള്ള മല്‍സ്യം കേരളത്തിലെത്തുന്നതായാണു സൂചന. ഓപറേഷന്‍ സാഗര്‍ റാണിയിലൂടെ നാല് ദിവസം കൊണ്ട് പിടിച്ചത് 35,000 ലേറെ കിലോ പഴകിയ മല്‍സ്യമാണ്. വ്യാപകമായി ചീഞ്ഞ മല്‍സ്യം കേരളത്തിലെത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച്ചയാണ് ഓപറേഷന്‍ സാഗര്‍ റാണിക്ക് തുടക്കം കുറിച്ചത്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, കുളച്ചല്‍ ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും ചീഞ്ഞ മല്‍സ്യം എത്തുന്തന്.

കേരളത്തിലെ പ്രധാന ചന്തകളിലേക്കു പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിടക്കാര്‍ക്ക് കൈമാറുന്നതാണ് നിലവിലെ രീതി. അതിനാല്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയാല്‍ കൈയോടെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം

Operation Sagar Rani; Kerala fish Raid found 300 kg rotten fish