Monday, October 25, 2021
HomeNewsKeralaക്ലിമ്മിസ് ബാവ വിളിച്ച സമാധാന യോഗത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ പങ്കെടുക്കില്ല; ബിഷപ്പ് മാപ്പ് പറയണം

ക്ലിമ്മിസ് ബാവ വിളിച്ച സമാധാന യോഗത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ പങ്കെടുക്കില്ല; ബിഷപ്പ് മാപ്പ് പറയണം

തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ക്ലിമ്മിസ് ബാവ വിളിച്ച യോഗത്തില്‍ പ്രമുഖ മുസ്ലിം സംഘടനകള്‍ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകള്‍ അറിയിച്ചു. വിഷയത്തില്‍ ബിഷപ്പ് മാപ്പ് പറയുകയോ പ്രസ്താവന പിന്‍വലിക്കുകയോ ചെയ്യണം. അതിന് ശേഷം ചര്‍ച്ച മതിയെന്ന് സംഘടനാ നേതാക്കള്‍ നിലപാടറിയിച്ചു.

ബിഷപ്പിന്റെ പ്രസ്താവന അടഞ്ഞ അധ്യായമല്ല
അതേ സമയം, തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍
യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ആളുകള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ട്. അസ്വാരസ്യങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ബിഷപ്പ് മാപ്പ് പറയണം: ദക്ഷിണ കേരളം ജംഇയ്യത്തുല്‍ ഉലമ
മതവിദ്വേഷം ആളിക്കത്തിക്കുന്ന ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘ഭരണാധികാരി ശക്തികളുടെ ഒത്താശയോടെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് കേന്ദ്രങ്ങള്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തി സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ലാത്ത 80:20 അനുപാതം അതില്‍ തിരുകി കയറ്റുകയും റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്ത അറബിക് സര്‍വ്വകലാശാലയും മുസ്ലിം സംവരണം തികയ്ക്കാനുള്ള ബാക്ലോഗ് നികത്തലും നടപ്പാക്കാതെ അവഗണിച്ചതുമെല്ലാം വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ അക്രമമാണ്. എന്നാല്‍, ഇതൊന്നും വര്‍ഗീയ കലാപം ആസൂത്രണം ചെയ്തവര്‍ക്ക് തൃപ്തിയാകാത്തതിനാല്‍ മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട വിഷലിപ്തമായ അസ്ത്രമാണ് പാലാബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദെന്നും പ്രസ്താവനയില്‍ പറയുന്നു.

 

 

Most Popular