Monday, August 15, 2022
HomeEdiotrs Pickപാലാ ബിഷപ്പിന്റെ അധിക്ഷേപവും ആത്മീയ നടന്മാരുടെ കെട്ടിപ്പിടിത്തവും

പാലാ ബിഷപ്പിന്റെ അധിക്ഷേപവും ആത്മീയ നടന്മാരുടെ കെട്ടിപ്പിടിത്തവും

ഇന്ന് ഞാൻ ഒരു മതസൗഹാർദ്ദ ഫാൻസിഡ്രസ്സ് ചിത്രം മാധ്യമങ്ങളിൽ കാണുകയുണ്ടായി. പുഞ്ചിരിച്ച മുഖങ്ങൾ സമാധാനകാംക്ഷികൾക്ക് പ്രത്യാശ നൽകേണ്ടതാണ്. പക്ഷെ എനിയ്ക്കെന്തോ മിസ്സിംഗ് ആയി തോന്നി. അതെന്താണെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ പിടി കിട്ടി. പ്രശ്നം ഒന്നല്ല, രണ്ടാണ്.

ആദ്യത്തെ മിസ്സിംഗ് എലമെന്റ് ഞാൻ ഇങ്ങനെ വിശദീകരിയ്ക്കാം. രണ്ടു പേര് തമ്മിൽ ഒരു തർക്കം ഉണ്ടായാൽ അത് പരിഹരിയ്ക്കാനുള്ള ചർച്ചയിൽ മിനിമം ആ രണ്ടു പേരെങ്കിലും ഉണ്ടാവേണ്ടേ? ഇവിടെ ഈ ചർച്ചയിൽ പ്രശ്നങ്ങൾ തുടങ്ങി വെച്ച, ഒരു തെളിവിൻ്റെയും പിൻബലമില്ലാതെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു സമുദായത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വേണ്ടതല്ലേ? അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സഭയെങ്കിലും ഉണ്ടാവേണ്ട?

തൻ്റെ പ്രസ്താവനയ്ക്ക് പിന്നിലുള്ള ചേതോവികാരം എന്തു തന്നെയായാലും അത് ചർച്ചയ്ക്ക് വെയ്ക്കലും അതിനെ സമർത്ഥിയ്ക്കുന്ന തെളിവുകൾ നിരത്തലും  ഈ ചർച്ചയുടെ ഭാഗമാവേണ്ടതായിരുന്നില്ലേ? പരാതിക്കാർ തന്നെ തമ്മിൽ തമ്മിൽ ചർച്ച ചെയ്തിട്ട് എന്ത് പരിഹാരം ഉണ്ടാവാനാണ്? ഇനി ഓർത്തഡോക്സ്‌ സഭയുടെ പ്രതിനിധി ഉണ്ടായിരുന്നല്ലോ എന്നാണെങ്കിൽ അവർ ഈ ബിഷപ്പിനെ അന്നേ തള്ളിപ്പറഞ്ഞതല്ലേ? അപ്പൊ അവർ എങ്ങനെ കത്തോലിയ്ക്ക സഭയുടെ ഭാഗം പറയും?

ഇനി രണ്ടാമത്തെ എലമെന്റാണ് കൂടുതൽ ഗുരുതരം. തങ്ങൾ ചെയ്ത അപരാധമെന്തെന്ന് ഇപ്പോഴും ആകുലപ്പെടുന്ന മുസ്ലിം സമൂഹത്തിന് ഈ ചർച്ചയിൽ നിന്ന് എന്ത് പരിഹാരമാണ് ഉണ്ടായിട്ടുണ്ടാവുക. ശുദ്ധ തോന്ന്യാസം പറഞ്ഞ ബിഷപ്പിനെ ആയിരുന്നോ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ആദ്യം സന്ദർശിച്ച് പിന്തുണ അറിയിയ്ക്കേണ്ടിയിരുന്നത്? പണ്ഡിതനെന്നും വലിയ മനസ്സിൻ്റെ ഉടമയെന്നുമൊക്കെ പൊക്കിയടിച്ച് ബിഷപ്പിനെ ആദ്യം തന്നെ പോക്കറ്റിലാക്കിയ രാഷ്ട്രീയക്കാരുടെ നെറികേട് വെടിയേറ്റ ഗാന്ധിയെ തിരിഞ്ഞു നോക്കാതെ വെടിവെച്ച ഗോഡ്‌സെയോട് എന്തെങ്കിലും പറ്റിയോ എന്ന് തിരക്കുന്നതു പോലെ അപഹാസ്യമായിപ്പോയി എന്ന് പറയാതെ തരമില്ല.

എത്ര വലിയ പാതകം ചെയ്താലും താൻ ഇട്ടിരിയ്ക്കുന്ന കുപ്പായത്തിനുള്ളിൽ ഒരു പോറൽ പോലുമേൽക്കാതെ രാഷ്ട്രീയ നേതൃത്വങ്ങൾ തനിയ്ക്ക് ഇടതും വലതും കാവലുണ്ടെന്ന് മനസ്സിലാക്കിയ ബിഷപ്പ് തെറ്റ് തിരുത്തുകയും മാപ്പ് ചോദിയ്ക്കുകയുമൊക്ക ചെയ്താലല്ലേ അത്ഭുതപ്പെടേണ്ടൂ. കുറഞ്ഞ പക്ഷം ഈ പ്രഹസനം നടത്തിയ നിലയ്ക്ക് വന്ന മാന്യന്മാർ ആ ബിഷപ്പിൻ്റെ പ്രസ്താവനയെ ഏകകണ്ഠമായി അപലപിച്ചിരുന്നെങ്കിൽ ഇവർക്ക് ഒരു തരിയെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കരുതമായിരുന്നു.

ചർച്ചകൾക്കൊടുവിൽ ക്‌ളീമിസ് തിരുമേനി പറഞ്ഞത് എനിയ്ക്ക് ഇഷ്ടപ്പെട്ടു. പാലാ ബിഷപിൻ്റെ ആരോപണം അജണ്ടയിൽ ഇല്ലായിരുന്നത്രെ. പിന്നെന്താ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങളാണോ ഇവർ ചർച്ച ചെയ്തത്? ബിഷപ്പിൻ്റെ പ്രസ്താവന അജണ്ടയിൽ ഉണ്ടാവില്ല. ഉണ്ടായാൽ അതിനെ തള്ളിപ്പറയേണ്ടി വരുമല്ലോ.

ഏതായാലും അടിസ്ഥാനപ്രശ്നങ്ങളെ കാർപ്പെറ്റിനടിയിൽ തള്ളിയിട്ട് പരസ്പരം വാരിപ്പുണർന്ന് കാപ്പിയും കുടിച്ച് ഫോട്ടോയെടുത്താൽ തീരുന്ന പ്രശ്നമാണ് ഇപ്പോൾ ഉള്ളത് എന്ന് ഈ നാടകത്തിൽ പങ്കെടുത്ത ആത്മീയനടന്മാർ പോലും കരുതുന്നുണ്ട് എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. നാർക്കോട്ടിക് ജിഹാദ് എന്നൊന്നില്ലെന്നും എന്നാൽ അതുണ്ടെന്ന് പറഞ്ഞ ബിഷപ്പ് ഒരു പണ്ഡിതനാണെന്നും ഒരേ സർക്കാർ തന്നെ പറയുമ്പോൾ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിയ്ക്കുന്ന ഇസ്ലാമിക സമൂഹം ആരിൽ നിന്ന് നീതി പ്രതീക്ഷിയ്ക്കണം?

പീഡകന് തിരുവുള്ളക്കേട് ഉണ്ടാവാതെ അയാളെ തലോടിയും ഉമ്മവെച്ചും കൂടെ നിർത്തുകയും എന്നാൽ അതേസമയം ഇരയെ നോക്കി പണ്ട് പപ്പു മോഹൻലാലിനോട് പറഞ്ഞത് പോലെ “ഇപ്പ ശരിയാക്കിത്തരാം” എന്ന് പറഞ്ഞു കൊണ്ടിരിയ്ക്കുകയും ചെയ്യുന്നത് കറകളഞ്ഞ അവസരവാദമാണ്. ഭാരതത്തിൻ്റെ രാഷ്ട്രീയ-കലാസാംസ്‌കാരിക-സാമ്പത്തിക പുരോഗതിയിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടുള്ള ഇസ്ലാമിക സമൂഹത്തിന് ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിന്ന് ആരുടെയും ഔദാര്യം പറ്റേണ്ട ഗതികേടുണ്ടെന്ന് ഞാൻ ധരിയ്ക്കുന്നില്ല. പ്രശ്നത്തിന് ഒരു കോസ്മെറ്റിക് സൊലൂഷൻ രാഷ്ട്രീയ നേതൃത്വങ്ങളെ സംബന്ധിച്ച്  അനിവാര്യമാണ്. പക്ഷേ, അതിന് നിന്ന് കൊടുക്കാനുള്ള ബാധ്യത ഇസ്ലാമികസമൂഹത്തിന് ഇല്ല എന്ന് തന്നെയാണ് എൻ്റെ പക്ഷം.

ഇത് എരിതീയിൽ എണ്ണ ഒഴിയ്ക്കുന്ന നിലപാടാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം. എന്നാൽ, തെളിവ് തരാനാവുന്നില്ലെങ്കിൽ പറഞ്ഞത് വൃത്തികേടാണെന്നും മുഴുവൻ മുസ്ലിങ്ങളോടും നിരുപാധികം മാപ്പ് പറയണമെന്നും ആ ബിഷപ്പിനോട് ആവശ്യപ്പെടാത്ത ഒരു അനുരഞ്ജനത്തിനും ഇസ്ലാം സമൂഹം മുതിരരുത് എന്നാണ് പുറത്തു നിന്ന് നോക്കിക്കാണുന്ന ഒരാൾ എന്ന നിലയ്ക്ക് എൻ്റെ അഭിപ്രായം. സംഘപരിവാർ ഭീകരത ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്വത്വാഭിമാനത്തെ മൊത്തത്തിൽ വിഴുങ്ങാൻ വായ പിളർന്ന് നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അവർ ഒന്നോർത്താൽ നല്ലത്: “തനിയ്ക്ക് താനും പുരയ്ക്ക് തൂണും”.

Most Popular