Friday, October 7, 2022
HomeNewsKeralaസിനിമാ കഥകളെ വെല്ലുന്ന ആസൂത്രണം; ദമ്പതിമാരെ കൊന്ന് കവര്‍ച്ച നടത്തിയ പ്രതി അഞ്ച് വര്‍ഷത്തിനു ശേഷം...

സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണം; ദമ്പതിമാരെ കൊന്ന് കവര്‍ച്ച നടത്തിയ പ്രതി അഞ്ച് വര്‍ഷത്തിനു ശേഷം പിടിയില്‍

പാലക്കാട്: ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍(kadambazhipuram couple murder case) അഞ്ചുവര്‍ഷത്തിനുശേഷം അയല്‍വാസി അറസ്റ്റില്‍. കേരള പോലിസിനെ വെള്ളംകുടിപ്പിച്ച കേസില്‍ കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയല്‍വാസിയായിരുന്ന പ്രതി ചെന്നൈയില്‍ ചായക്കട നടത്തിവരികയായിരുന്നെന്ന് പോലിസ് പറഞ്ഞു.

കേസിന്റെ തുടക്കത്തില്‍ സംശയിച്ചിരുന്നവരുടെ പട്ടികയില്‍ പോലും ഇല്ലാതിരുന്നയാളാണ് പ്രതി. ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവര്‍ഷമായി നടത്തിയ നിരന്തര പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് കൊലപാതകം.

2016 ജനുവരി 15 നാണ് കടമമ്പഴിപ്പുറം കണ്ണുകുറിശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണന്‍ (62), ഭാര്യ തങ്കമണി (52) എന്നിവര്‍ വീട്ടിലെ കിടപ്പുമുറിയില്‍ കൊലചെയ്യപ്പെട്ടത്. റബ്ബര്‍ത്തോട്ടത്തിനകത്തെ ഒറ്റപ്പെട്ട വീടിന്റെ ഓടുപൊളിച്ച് അകത്തിറങ്ങിയശേഷം ഉറങ്ങിക്കിടന്നിരുന്ന ദമ്പതിമാരെ നിരവധിതവണ വെട്ടിയും തലയ്ക്കടിച്ചുമാണ് കൊന്നത്.

തങ്കമണി ധരിച്ചിരുന്ന ആറരപ്പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും മോഷ്ടിക്കപ്പെട്ടിരുന്നു. ലോക്കല്‍പോലീസ് അന്വേഷിച്ച കേസില്‍ തുമ്പില്ലാതായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന 2017 മാര്‍ച്ചിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
2019-ല്‍ അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു.

ദൃശ്യം മോഡല്‍ തെളിവ് നശിപ്പിക്കല്‍

കടമ്പഴിപ്പുറത്തെ കൊല്ലപ്പെട്ട ദമ്പതിമാരുടെ അയല്‍വാസിയായ രാജേന്ദ്രന്‍ തുടക്കത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കാരണം പഴുതടച്ച ആസൂത്രണം ആയിരുന്നു. ദൃശ്യം സിനിമയിലേതു പോലെ സംഭവം നടന്ന ദിവസത്തിന് തലേന്ന് രാവിലെ 11-ന് ചെന്നൈയ്ക്കെന്നു പറഞ്ഞ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായി പോലിസ് പറഞ്ഞു.

ബസ്സില്‍വെച്ച് അയല്‍വാസിയായ സ്ത്രീക്ക് ടിക്കറ്റും എടുത്തുനല്‍കിയിരുന്നു. തുടര്‍ന്ന്, പാലക്കാടുവരെ എത്തിയ ശേഷം രാത്രി തിരിച്ച് കടമ്പഴിപ്പുറത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ആസൂത്രിതമായി കൊലപാതകം നടത്തി വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയത്.

ദമ്പതിമാരുടെ വീടിനെക്കുറിച്ച് നല്ലധാരണയുള്ള ആളാണ് കൊലനടത്തിയതെന്ന് ക്രൈംബാഞ്ചിന് തുടക്കത്തില്‍തന്നെ ഉറപ്പായിരുന്നെന്ന് എ.ഡി.ജി.പി. പറഞ്ഞു. കൃത്യത്തിനുശേഷം വീടിനുമുന്നിലെ കുടിവെള്ളടാപ്പില്‍ കൈയും ശരീരവും കഴുകിയതും ദമ്പതിമാര്‍ ഉറങ്ങുന്ന മുറിയിലേക്കുതന്നെ ഓടുപൊളിച്ച് ഇറങ്ങിയതും ഇതിന് തെളിവായി. കൂടാതെ, ദമ്പതിമാര്‍ കൊല്ലപ്പെടുന്നതിന് തലേന്ന് കടമ്പഴിപ്പുറത്തുനിന്നുപോയ ഇയാള്‍ കൊലപാതകം പുറത്തറിഞ്ഞ 15-ന് രാത്രി 11.30-ന് ചെന്നൈയിലെ ലോഡ്ജില്‍ മുറിയെടുത്തതും പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു.

ചെന്നൈയിലെ കോയമ്പേടില്‍ ഒമ്പതാംക്ലാസ് പഠനകാലംമുതല്‍ അച്ഛനോടൊപ്പം ചായക്കട നടത്തിവരികയായിരുന്നു രാജേന്ദ്രന്‍. ചൂടുവെള്ളവും മറ്റും സ്ഥിരമായി കൈയില്‍ തട്ടി കൈരേഖയില്‍ മാറ്റമുണ്ടായതാണ് സാമ്യം തിരിച്ചറിയാന്‍ കഴിയാത്തതിന് കാരണമെന്ന് പോലിസ് പറയുന്നു. പിന്നീട് കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് ചായക്കടകള്‍ പൂട്ടിയതോടെ തിരിച്ച് കടമ്പഴിപ്പുറത്തെത്തിയ രാജേന്ദ്രന്റെ കൈരേഖയ്ക്ക് സംഭവസ്ഥലത്തെ കൈരേഖകളുമായുള്ള സാമ്യം പോലീസ് തിരിച്ചറിയുകയായിരുന്നു.

27-ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി രാജേന്ദ്രനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 28-ന് രാത്രി കടമ്പഴിപ്പുറത്തുള്ള വാടകവീട്ടില്‍നിന്നാണ് പ്രതിയെ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠന്‍ അറസ്റ്റുചെയ്തത്. കേസില്‍ ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകളും 2000-ത്തിലേറെ കൈരേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.

കൃത്യം കടബാധ്യത തീര്‍ക്കാന്‍

ദമ്പതിമാരുടെ കൈവശം മക്കള്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ ലക്ഷ്യമിട്ട് കരുതിയിരുന്ന പണവും സ്വര്‍ണവുമുണ്ടെന്നും ഇത് ചെന്നൈയില്‍ തനിക്കുണ്ടായ 1.9 ലക്ഷത്തിന്റെ കടബാധ്യത തീര്‍ക്കുന്നതിനായി ഉപയോഗപ്പെടുത്താനാവുമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ALSO WATCH

Most Popular