Thursday, December 9, 2021
HomeNewsKeralaപാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്റെ കൊല; സംഘമെത്തിയത് പൊളിച്ചുവില്‍ക്കാന്‍ നല്‍കിയ കാറിന്റെ നമ്പറുള്ള വാഹനത്തില്‍, ദേശീയ തലത്തില്‍...

പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്റെ കൊല; സംഘമെത്തിയത് പൊളിച്ചുവില്‍ക്കാന്‍ നല്‍കിയ കാറിന്റെ നമ്പറുള്ള വാഹനത്തില്‍, ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ സംഘപരിവാരം

പാലക്കാട്: ആര്‍എസ്എസ് നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ്. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പൊളിച്ചുവില്‍ക്കാന്‍ കൈമാറിയ വാഹനത്തിന്റേതെന്നാണ് സൂചന.

പൊളിച്ചുവില്‍ക്കാന്‍ വാഹനം കൈവശം വച്ചയാളെ അന്വേഷണസംഘം കറ്റഡിയിലെടുത്തതായാണു വിവരം. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത തേടുകയാണ് അന്വേഷണസംഘം. ഇതിനിടെ, പ്രതികളുടെ രേഖാചിത്രം തയാറാക്കാന്‍ പോലിസ് ശ്രമം തുടങ്ങി.

വടക്കഞ്ചേരിയിലെ ഡ്രൈവിങ് പരിശീലന സ്ഥാപനം ഉപയോഗിച്ചിരുന്ന കാര്‍ കാലപ്പഴക്കം കാരണം ഒന്നര വര്‍ഷം മുന്‍പു പൊളിക്കാനായി കൈമാറിയതായി സ്ഥാപന ഉടമ പോലിസിനു മൊഴി നല്‍കിയതിനെത്തുടര്‍ന്നാണു വാങ്ങിയ ആളെ കസ്റ്റഡിയിലെടുത്തത്.

ഉത്തരമേഖലാ ഐജി അശോക് യാദവ്, തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബര്‍, പാലക്കാട് ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം അന്വേഷണ പുരോഗതി വിലയിരുത്തി. കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രം, ആയുധങ്ങള്‍ കണ്ടെത്തിയ കണ്ണന്നൂര്‍ എന്നിവിടങ്ങളില്‍ ഐജിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.

ആയുധം കണ്ടെത്തിയ സംഭവത്തില്‍ പോലിസ് സംശയത്തിലാണ്. അന്വേഷണവും തുടര്‍ നടപടികളും വഴിതെറ്റിക്കാനുള്ള അക്രമിസംഘത്തിന്റെ ശ്രമമാണോ അതെന്ന് അന്വേഷിക്കുന്നുണ്ട്. മാരകായുധങ്ങളില്‍ രക്തക്കറയും മുടിനാരുകളും കണ്ടെത്തിയിരുന്നു. ഇതിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം വന്നാല്‍ മാത്രമേ ആയുധം സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയൂ.

ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ആര്‍എസ്എസ്
സഞ്ജിത്തിന്റെ കൊലപാതകം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. സംഭവം നടന്ന ഉടനെ എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിച്ച ബിജെപി പിണറായി സര്‍ക്കാര്‍ എസ്ഡിപിഐയെ സഹായിക്കുന്ന എന്ന രീതിയില്‍ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ ധര്‍ണയും നടന്നു.

പിന്നാലെ കേന്ദ്രമന്ത്രിമാര്‍ സഞ്ജിത്തിന്റെ വീട് സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ നാളെ സഞ്ജിത്തിന്റെ എലപ്പുള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. ആര്‍എസ്എസ് അഖില ഭാരതീയ സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് ഇന്നു 10.30നു സന്ദര്‍ശിച്ചു. മറ്റ് ചില മന്ത്രിമാരും അടുത്ത ദിവസങ്ങളില്‍ എത്തുമെന്നാണ് സൂചന.
ALSO WATCH

 

Most Popular