Friday, May 14, 2021
Home News Kerala പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.25ന് കൊച്ചി ലേക് ഷോർ ആശുപത്രിയിൽ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘം ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ല, ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലൻസിനെ അറിയിച്ചത്. സ്ത്രീകൾ മാത്രമേ വീട്ടിലുള്ളൂ എന്നതിനാൽ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലൻസ് സംഘം വീടിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയത്. തുടർന്ന് വിജിലൻസ് സംഘം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

നേരത്തെ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. കരാർ കമ്പനിയായ ആർഡിഎസിന് എട്ട് കോടി രൂപ മുൻകൂർ പണമായി നൽകിയത് മന്ത്രിയുടെ അറിവോടെയാണെന്ന് ടി ഒ സൂരജ് മൊഴി നൽകിയതോടെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തത്. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ഗൂഢാലോചനയുമാണ് ഇബ്രാഹിംകുഞ്ഞിനെതിരെ ചുമത്തിയിട്ടുള്ളത്. നിർമാണ കരാറിൽ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ചട്ടവിരുദ്ധമായി ടെൻഡർ നൽകിയതിലും പലിശ കുറച്ച് മുൻകൂറായി വായ്പ അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. വിജിലൻസ് അറസ്റ്റ് ഉറപ്പായതോടെ മുൻകൂർ ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തും മുൻപേ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തി.

Most Popular