കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. കേസില്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് രണ്ടു വനിത ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്പ, കണ്ണൂര്‍ നാര്‍കോടിക്സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവര്‍ സംഘത്തിലുണ്ട്. വനിതാ ഐപിഎസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. പോക്സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിര്‍ണായക ഘടകമാകും. കേസിന്റെ തുടരന്വേഷണം തിങ്കളാഴ്ച ആരംഭിക്കും.
പെണ്‍കുട്ടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും തമ്മില്‍ വൈരുദ്ധ്യം നിലനില്ക്കുന്നുവെന്നാണ ഇപ്പോഴത്തെ അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് വനിതാ ഐപിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന് ആവശ്യം പരിഗണിച്ചാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.