Sunday, July 25, 2021
Home News Kerala പാലത്തായിയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന് ജാമ്യം കിട്ടാന്‍ കുറ്റപത്രം വളച്ചൊടിച്ചു: കെ മുരളീധരന്‍

പാലത്തായിയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന് ജാമ്യം കിട്ടാന്‍ കുറ്റപത്രം വളച്ചൊടിച്ചു: കെ മുരളീധരന്‍

കോഴിക്കോട്: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതിക്ക് ജാമ്യം കിട്ടാനായി ക്രൈംബ്രാഞ്ച് കുറ്റപത്രം വളച്ചൊടിച്ചതായി കെ മുരളീധരന്‍ എംപി ആരോപിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും പൊലീസ് അനാവശ്യമായി അറസ്റ്റ് വൈകിപ്പിച്ചു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്‌തെങ്കിലും പോക്‌സോ ചുമത്തിയില്ല. കുട്ടിയെ ഉപദ്രവിച്ചു എന്ന നിസ്സാര വകുപ്പാണ് ചേര്‍ത്തത്.

തുടക്കം മുതല്‍ കേസ് തേയ്ച്ചുമായ്ച്ച് കളയാന്‍ സിപിഎം ശ്രമിച്ചു. ഇത് ബിജെപി-സിപിഎം ബാന്ധവത്തിന്റെ തുടക്കമാണെന്ന് സംശയിക്കണം. പ്രതിയെ അനുകൂലിച്ചാണ് പൊലീസ് സംസാരിച്ചത്. പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തിയ സംഭവമുണ്ടായിട്ടും ഇത്ര ലാഘവത്തോടെ കേസ് അന്വേഷിച്ചതിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാറും കേരള പൊലീസുമാണ്.

ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പഞ്ഞത്. എന്നാല്‍, പ്രതിക്ക് ജാമ്യം കിട്ടിയിട്ട് ഇനി എന്ത് നടപടി സ്വീകരിക്കാനാണെന്ന് എംപി ചോദിച്ചു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശൈലജ ടീച്ചര്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Palathayi rape case, k muraleedharan against kerala police

Most Popular