മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി നോട്ടീസയച്ചിരിക്കുന്നത്.
ആഗസ്ത് 6ന് ആറിന് ഇഡി മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് നോട്ടീസ് കൈമാറിയത്.
കഴിഞ്ഞ ജൂലൈ മാസം ഇത് സംബന്ധിച്ച് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. നോട്ട് നിരോധനകാലത്ത് ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി വെളുപ്പിച്ചെന്നാണ് കേസ്. മുന്‍ മന്ത്രി കെടി ജലീലും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു.
നേരത്തെ എആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയതായി കെ ടി ജലീല്‍ അറിയിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഇ ഡി മൊഴിയെടുത്തുവെന്നുമാണ് ജലീല്‍ പറയുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
തങ്ങളെ മറയാക്കി കുറേ കാലങ്ങളായി ഒരു തരം മാഫിയ പ്രവര്‍ത്തനമാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും അതിനെതിരെ ലീഗില്‍ നിന്നു തന്നെ അപസ്വരങ്ങല്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നുമായിരുന്നു കെടി ജലീല്‍ പറഞ്ഞത്.