Friday, October 7, 2022
HomeNewsKeralaസഹോദരിമാര്‍ അടക്കം നാല് കുട്ടികള്‍ നാട് വിട്ടത് ഗെയിം കളിക്കാനല്ല; പ്രണയം എതിര്‍ത്തതിനാലെന്ന് മൊഴി

സഹോദരിമാര്‍ അടക്കം നാല് കുട്ടികള്‍ നാട് വിട്ടത് ഗെയിം കളിക്കാനല്ല; പ്രണയം എതിര്‍ത്തതിനാലെന്ന് മൊഴി

പാലക്കാട്: ആലത്തൂരിലെ (Alathur) ഇരട്ട സഹോദരിമാരടക്കം (Twin sisters) സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിനാലെന്ന് മൊഴി. തങ്ങള്‍ ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും ആര്‍പിഎഫ് വ്യക്തമാക്കി.

കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പോലിസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമില്‍ ഒരു സ്‌ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പോലിസിന്റെ നിഗമനം. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും പോലിസ് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ മൊഴി ഇതെല്ലാം തള്ളുന്നതാണ്.

പാലക്കാട് ആലത്തൂരില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ സഹപാഠികളായ നാല് കുട്ടികളെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആണ്‍കുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടില്‍ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

പൊള്ളാച്ചിയില്‍ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

 

Most Popular