Saturday, June 19, 2021
Home News Kerala ചരിത്രം തിരുത്തി പിണറായി; മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍; ശൈലജയെ കൈവിട്ടു

ചരിത്രം തിരുത്തി പിണറായി; മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍; ശൈലജയെ കൈവിട്ടു

രണ്ടാം വരവില്‍ അടിമുടി മാറ്റവുമായാണ് പിണറായി ക്യാപ്ടനാവുന്ന മന്ത്രിസഭയെത്തുന്നത്. ഏറ്റവും വലിയ പ്രത്യേകത പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭ എന്നതാണ്. അതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. എന്നാല്‍ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്ത കെ കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഡോ. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവര്‍ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ജെ ചിഞ്ചുറാണിയുമാണ് മന്ത്രിമാരായി ഉണ്ടാവുക. ഇതാദ്യമാണ് ഒരു വനിതാ മന്ത്രി സിപിഐയില്‍ നിന്ന് അധികാരമേല്‍ക്കാനൊരുങ്ങുന്നത്. തൃത്താല എംഎല്‍എ എംബി രാജേഷ് ആയിരിക്കും സ്പീക്കറായി ചുമതലയേല്‍ക്കുക.

എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, അബ്ദുള്‍ റഹ്‌മാന്‍, എന്നിവര്‍ സിപിഎമ്മില്‍ നിന്നും മന്ത്രിമാരായവും. സിപിഐ യില്‍ വനിതാ മന്ത്രി ഉള്‍പ്പടെ പി പ്രസാദ്, കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവരാണുണ്ടാവുക.

റോഷി അഗസ്റ്റിന്‍ – കേരളാ കോണ്‍ഗ്രസ് എം, കെ.കൃഷ്ണന്‍കുട്ടി – ജെഡിഎസ്, അഹമ്മദ് ദേവര്‍കോവില്‍ – ഐഎന്‍എല്‍, ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍ഗ്രസ്, എ.കെ.ശശീന്ദ്രന്‍ – എന്‍സിപി, എന്നിവരും മന്ത്രിസഭയിലുണ്ടാകു. മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നല്‍കിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. ഇ ചന്ദ്രശേഖരനാണ് സിപിഐ നിയമസഭാ കക്ഷി നേതാവ്. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി . അതേസമയം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും നേരിട്ട് പങ്കെടുക്കില്ല. പരിപാടി ബഹിഷ്‌കരിക്കില്ല. ടെലിവിഷനിലുടെയും വെര്‍ച്വല്‍ ആയും ചടങ്ങ് വീക്ഷിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് എത്രപേരെ ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്നാണ് ഇനി ഏവരും കാത്തിരിക്കുന്നത്. സത്യപ്രതിജ്ഞ നടക്കുന്ന തലസ്ഥാത്ത് നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്. അതുകൊണ്ടുതന്നെ വെര്‍ച്വല്‍ ആയി ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം പൊതുജനം ഉള്‍പ്പടെ ഉന്നയിക്കുന്നുണ്ടെങ്കിലും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Most Popular