തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമനിധിയില്‍ അംഗങ്ങളായ കൊറോണ പോസിറ്റീവായ എല്ലാവര്‍ക്കും 15,000 രൂപ വീതം അടിയന്തരസഹായം നല്‍കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്നാണ് ഇത് ലഭ്യമാക്കുക.
2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും.
സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 നെ ഉള്‍പ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം, ഹ്രസ്വകാല പരിപാടികള്‍ക്കു പോയവരും വിസിറ്റിങ് വിസയില്‍ പോയവരും വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
pinarayi vijayan announced monetary help for expats