Wednesday, August 4, 2021
Home News Kerala കേരളത്തില്‍ ബലിപെരുന്നാളിന് ഈദ്ഗാഹ് അനുവദിക്കില്ല; പള്ളികളിലെ നമസ്‌കാരത്തിന് പരമാവധി 100 പേര്‍

കേരളത്തില്‍ ബലിപെരുന്നാളിന് ഈദ്ഗാഹ് അനുവദിക്കില്ല; പള്ളികളിലെ നമസ്‌കാരത്തിന് പരമാവധി 100 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകള്‍ വേണ്ടെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളികളില്‍ പരമാവധി 100 പേരില്‍ അധികം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ഥിച്ചുവെന്നും എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുകളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചു. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്തുകയുള്ളൂ എന്ന് അവര്‍ ഉറപ്പ് നല്‍കി. പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും.

ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണായി. ടൗണിലെ പള്ളിയില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനും ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Most Popular