Tuesday, June 22, 2021
Home News Kerala ഫിറോസിന്റെ റോഡ് ഷോയില്‍ കത്വ കേസ് അഭിഭാഷക ദീപികയും; ഫണ്ട് തിരിമറി ആരോപണത്തിന് മറുപടി

ഫിറോസിന്റെ റോഡ് ഷോയില്‍ കത്വ കേസ് അഭിഭാഷക ദീപികയും; ഫണ്ട് തിരിമറി ആരോപണത്തിന് മറുപടി

മലപ്പുറം: ഫണ്ട് തിരിമറി ആരോപണം മറികടക്കാന്‍ താനൂരിലെ ലീഗ് സ്ഥാനാര്‍ഥി പി കെ ഫിറോസിന്റെ പൂഴിക്കടകന്‍. തനിക്കെതിരായ ആരോപണത്തിലെ പ്രധാന തുരുപ്പ് ചീട്ടായിരുന്ന കത്വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്തിനെ പ്രചാരണ പരിപാടിയില്‍ പങ്കെടുപ്പിച്ചാണ് ഫിറോസ് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്.

കൂറ്റന്‍ റോഡ് ഷോ നടത്തിയാണ് ദീപിക ഫിറോസിനായി രംഗത്തെത്തിയത്. ഫിറോസിനെതിരെ ഭരണ പക്ഷം കത്വ ഫണ്ട് തിരിമറി ആരോപണം വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. കത്വയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ചെടുത്ത തുക യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ വകമാറ്റിയെന്നായിരുന്നു പരാതി. ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ ദീപിക ചാനലുകളില്‍ വന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

യൂത്ത് ലീഗിന് അകത്ത് നിന്ന് തന്നെയാണ് ഫണ്ട് തിരിമറി സംബന്ധിച്ച ആരോപണം പൊങ്ങിവന്നത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ശരിവച്ചത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കത്വ കേസിലെ അഭിഭാഷകര്‍ക്ക് വന്‍തുക ചെലവിട്ടതായി യൂത്ത് ലീഗ് കണക്ക് വെളിപ്പെടുത്തിയത്. എന്നാല്‍, കേസിലെ ഇരയ്ക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകരാണ് വാദിച്ചതെന്നും യൂത്ത് ലീഗ് പറഞ്ഞ കണക്ക് ശരിയല്ലെന്നും ദീപിക വെളിപ്പെടുത്തിയിരുന്നു.
ALSO WATCH

Most Popular