Wednesday, January 19, 2022
HomeNewsKeralaപള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായി ജിഫ്രി തങ്ങള്‍

പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായി ജിഫ്രി തങ്ങള്‍

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായി വെളിപ്പെടുത്തി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ വിഷയം ബോധ്യപ്പെടുത്താനായി അദ്ദേഹം രണ്ട് തവണ വിളിച്ചു സംസാരിച്ചെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം അരീക്കോട് നടക്കുന്ന സമസ്ത മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി മേഖല പ്രതിനിധി സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

പള്ളികളില്‍ ബോധവല്‍ക്കരണവും പ്രതിഷേധവും നടത്താന്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. അതോടെ പള്ളികളില്‍ നിന്നുള്ള പ്രതിഷേധത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറുന്നതായി ജിഫ്രി തങ്ങള്‍ പ്രസ്താവിച്ചിരുന്നു. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് സമസ്ത പിന്നോട്ടടിച്ചതായി ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍.

പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് വച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും ആ തീരുമാനം സമസ്ത നേതാക്കള്‍ ഒരുമിച്ച് എടുത്തതാണെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ജിഫ്രി തങ്ങളുടെ ഇത് സംബന്ധമായ പ്രസ്താവന വ്യക്തിപരമാണെന്ന ലീഗ് നേതാക്കളുടെ വാദത്തിന് മറുപടിയാണിത്.

അതേ സമയം, മുഖ്യമന്ത്രി വേണ്ടത് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് ഉണ്ടായില്ലെങ്കില്‍ സമസ്തയും പ്രതിഷേധ രംഗത്ത് ഉണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

 

Most Popular