Thursday, September 23, 2021
Home News Kerala കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കും; നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനം

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കും; നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മുസ്ലിം ലീംഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക. കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലിം ലീംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

ഇ അഹമ്മദ് എംപി മരിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചത്. അതേ തുടര്‍ന്നാണ് മലപ്പുറത്ത് നിന്ന് ലോകസഭയിലേക്കെത്തിയത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതോടെ കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, മുത്തലാഖ് ബില്ല് ചര്‍ച്ച തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് സമ്മേളനത്തിന് എത്താത്തത് വലിയ വിവാദമായിരുന്നു. കേരളത്തിന്റെ പരമ്പരാഗത രീതിയനുസരിച്ച് വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യത മുന്നില്‍ കണ്ടാണ് കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങി വരുന്നത്.

Most Popular