Wednesday, January 19, 2022
HomeNewsKeralaവഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് ഒറ്റയ്ക്ക് സമരത്തിന്; സമസ്ത പിന്മാറുന്നു

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് ഒറ്റയ്ക്ക് സമരത്തിന്; സമസ്ത പിന്മാറുന്നു

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്‍മാറില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഡിസംബര്‍ ഒമ്പതിന് നടത്തുന്ന വഖഫ് സംരക്ഷണ സമ്മേളനത്തില്‍ മാറ്റമുണ്ടാവില്ല. മുസ്‌ലിം ലീഗ് സമരം പ്രഖ്യാപിച്ചപ്പോഴാണ് സര്‍ക്കാര്‍ ഒരു വിഭാഗത്തെ ചര്‍ച്ചക്ക് വിളിച്ചത്. അത് ലീഗിനെ ബാധിക്കുന്ന കാര്യമല്ലെന്ന് പിഎംഎ സലാം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട ഉത്തരവ് പിന്‍വലിക്കുന്നത് വരെ മുസ്ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.

സമസ്തയുമായുള്ള ചര്‍ച്ചയില്‍ നിയമം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പിഎംഎ സലാം ചൂണ്ടിക്കാട്ടി. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ എതിര്‍പ്പുകളെ അവഗണിച്ച് വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ട്. ആ നിയമം ഇപ്പോഴും നിലനില്‍ക്കുന്നു. അത് നടപ്പാക്കില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. നിയമസഭയില്‍ നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവരെ മുസ്‌ലിം ലീഗ് സമരം തുടരും.

നിയമം പിന്‍വലിക്കുക എന്നതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ലീഗ് തയാറല്ല. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം വിജയിച്ചു. സമസ്തയുമായി ലീഗിനെ കൂട്ടികുഴക്കേണ്ടതില്ലെന്നും പിഎംഎ സലാം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ സമസ്ത ഇക്കാര്യത്തില്‍ അയഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സമസത് നേതാക്കള്‍ പ്രതികരിച്ചു. ബാക്കി പരിപാടികള്‍ സമസ്ത നേതാക്കളുമായി ചര്‍ച്ചചെയ്ത ശേഷം അറിയിക്കുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുക്കം ഉമര്‍ ഫൈസി തുടങ്ങിയവര്‍ അറിയിച്ചു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതാക്കളെ അറിയിച്ചത്. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

 

 

Most Popular