Tuesday, June 15, 2021
Home News Kerala കവിയത്രി സുഗതകുമാരി അന്തരിച്ചു

കവിയത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: കവിയത്രിയും സാമൂഹ്യ, പരിസ്ഥതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി(86) കോവിഡ് ബാധിച്ച് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ്. വി.കെ. കാര്‍ത്യായനി അമ്മയാണ് മാതാവ്. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്.ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.

1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. മനോനില തെറ്റിയവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അസുഖങ്ങളാല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കര്‍മ്മഭൂമി പൊതുപ്രവര്‍ത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവര്‍ നിരസിച്ചിരുന്നു.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്. സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കവിത മനുഷ്യ ദു:ഖങ്ങള്‍ക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന് പെണ്‍കരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓര്‍ക്കപ്പെടും.

Most Popular