Monday, June 14, 2021
Home News Kerala പാലക്കാട് കുട്ടിയെ കുളിമുറിയിലിട്ടു കഴുത്തറുത്തു കൊന്നത് ദൈവത്തിന് ബലിയെന്ന്; അമ്മയെ അറസ്റ്റ് ചെയ്തു

പാലക്കാട് കുട്ടിയെ കുളിമുറിയിലിട്ടു കഴുത്തറുത്തു കൊന്നത് ദൈവത്തിന് ബലിയെന്ന്; അമ്മയെ അറസ്റ്റ് ചെയ്തു

പാലക്കാട്: നാടിനെ ഞെട്ടിച്ച ആറു വയസുകാരന്റെ അരുംകൊലയില്‍ അമ്മയെ അറസ്റ്റ് ചെയ്തു. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആറു വയസ്സുകാരനായ മകന്‍ ആമിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ഷാഹിദയെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ മകനെ ശുചിമുറിയില്‍ എത്തിച്ചാണ് കൊല നടത്തിയത്. ഷാഹിദ തന്നെയാണു സംഭവം പോലിസിനെ അറിയിച്ചതെന്നു ജില്ലാ പോലിസ് മേധാവി പറഞ്ഞു.

ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകള്‍ കൂട്ടികെട്ടിയശേഷം വീട്ടിലെ കുളിമുറിയില്‍ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കാലുകള്‍ കൂട്ടികെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പുലര്‍ച്ചെയായിരുന്നു സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യയാണു ഷാഹിദ. ഇവരുടെ മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ആമില്‍.

ശനിയാഴ്ച ഷാഹിദ സമീപത്തെ വീട്ടില്‍നിന്ന് ജനമൈത്രി പോലിസിന്റെ നമ്പര്‍ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നല്‍കിയെന്നാണ് പോലിസിനോട് ഷാഹിദ പറഞ്ഞത്. കൊലപാതകം നടന്നത് മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭര്‍ത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല.

ആദ്യഘട്ടത്തില്‍ നാട്ടുകാരും ബന്ധുക്കളും ഇക്കാര്യങ്ങള്‍ വിശ്വസിച്ചിരുന്നില്ല. അന്ധവിശ്വാസി അല്ലെന്നും എന്നാല്‍ അവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന സംശയമുണ്ടെന്നും ആയിരുന്നു നാട്ടുകാര്‍ പറഞ്ഞത്. തുടക്കത്തില്‍ പോലീസും ബലി നല്‍കിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അതിരാവിലെ തനിക്ക് ദൈവ വിളി ഉണ്ടായെന്നും മൂന്നാമത്തെ കുഞ്ഞിനെ ബലി നല്‍കിയതാണെന്നും ഷാഹിദ പോലിസിനെ അറിയിച്ചത്.

മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ ലോക്ക്ഡൗണ്‍ കാലംവരെ തൊട്ടടുത്ത മദ്രസയിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് സുലൈമാന്‍ ഗര്‍ഫില്‍നിന്ന് തിരിച്ചെത്തി ഡ്രൈവറായി ജോലി നോക്കുകയാണ്.

Most Popular