2000 കോടിയുടെ തട്ടിപ്പ്; ദുബൈ വഴി രാജ്യം വിടാന്‍ ശ്രമിച്ച പോപുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കളെ കൊച്ചിയിലെത്തിച്ചു

popular-finance-fraud case

കൊച്ചി: 2000 കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കപ്പെടുന്ന പോപുലര്‍ ഫിനാന്‍സ് കമ്പനി ഉടമയുടെ മക്കളെ കൊച്ചിയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും വിമാനമാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്.

രണ്ട് പേരെയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ മക്കളാണ് ഇരുവരും. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇന്നലെയാണ് ഇരുവരും പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ദുബൈ വഴി ആസ്േ്രതലിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ചിട്ടി നടത്തിപ്പിലെ പോരായ്മകള്‍ പരിശോധിക്കും. പോലിസ് അന്വേഷണത്തിന് പുറമെ നികുതിവകുപ്പും പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ജനങ്ങള്‍ക്ക് പാഠമാകണം.

നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കോന്നി വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസങ്ങളില്‍ സ്ഥാപനത്തിനുമുന്നില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇന്നാണ് സംഘടിത സ്വഭാവം കൈവന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോഴും നൂറുകണക്കിന് നിക്ഷേപകര്‍ പ്രതിഷേധത്തിനെത്തി.

2000കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണക്ക്. സംസ്ഥാനവ്യാപകമായി പോലിസ് സ്റ്റേഷനുകളില്‍ സ്ഥാപന ഉടമയ്‌ക്കെതിര പരാതി ലഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം സ്തംഭിച്ച പോപ്പുലര്‍ ഫിനാന്‍സ് കഴിഞ്ഞ ദിവസം പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, തോമസ് ഡാനിയേല്‍, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നിവരുടെ പേരിലാണ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ കഴിഞ്ഞദിവസമാണ് ഹര്‍ജി നല്‍കിയത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.