Tuesday, May 18, 2021
Home News Kerala മന്‍സൂര്‍ കൊലക്കേസിലെ പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

മന്‍സൂര്‍ കൊലക്കേസിലെ പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂര്‍: പാനൂര്‍ കടവത്തൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്റെ ദേഹത്ത് മുറിവും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇതോടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അന്വേഷണം വഴിമുട്ടിക്കാന്‍ രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.

മൃതദേഹത്തില്‍ മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ് പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സിപിഎം കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്.

ഈ ആരോപണം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍. കൊലപാകമെന്ന സംശയം ബലപ്പെട്ടതോടെ വടകര റൂറല്‍ എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ സംഭവസ്ഥലം വീണ്ടും പരിശോധനക്ക് വിധേയമാക്കി. രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട വളയം ചെക്യാട് അരൂണ്ടയില്‍ പോലിസ് വിദഗ്ധപരിശോധന നടത്തി.

കോഴിക്കോട് ജില്ലയിലെ ചെക്യാട് അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് രതീഷിനെ (36) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കണ്ണൂര്‍ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് സ്വദേശിയായ രതീഷ് സജീവ സിപിഎം പ്രവര്‍ത്തകനാണ്.
ALSO WATCH

 

Most Popular