തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി. വിവിധ പ്രവേശന പരീക്ഷകളും അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. യാത്രാ വിലക്കുള്ളതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ മലയാളികള്‍ കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം തുടങ്ങണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളീയരെ സഹായിക്കാന്‍ കെഎസ്എഫ്ഇ ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ്പ നല്‍കും. ആദ്യ നാല് മാസം മൂന്ന് ശതമാനമായിരിക്കും പലിശ നിരക്ക്. തുടര്‍ന്ന് സാധാരണ പോലെ പലിശ നല്‍കണം. നോര്‍ക്ക ഐഡിയുള്ള, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു വന്ന പ്രവാസികള്‍ക്കും ഇതേ വായ്പ്പ ലഭിക്കും. പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കില്‍ ഒന്നര ലക്ഷം രൂപവരെ വായ്പ്പ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 10,00 രൂപവരെയുള്ള സ്വര്‍ണപണയ വായ്പ്പ നിലവിലുള്ള പലിശനിരക്കില്‍ നിന്ന് ഒരു ശതമാനം കുറച്ച് 8.5 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും.
കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ നാളെ വൈകീട്ട് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1300ഓളം പേര് ഇതിലുണ്ടാവും. ബംഗളൂരുവില്‍ നിന്ന് മറ്റന്നാള്‍ മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍ കാര്‍ ട്രെയിന്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.