പ്രവാസി വിരുദ്ധ വാക്‌സിന്‍ നയം: കെഎംസിസി ഉള്‍പ്പെടെ നല്‍കിയ ഹരജികളില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു

kerala high court covid statistics

ജിദ്ദ: പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്‌സിനേഷന്‍ നയത്തിനെതിരെ ജിദ്ദ കെഎംസിസിയും ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സിഇഒ റഹീം പട്ടര്‍കടവനും നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകോളോട് ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി സീനിയര്‍ വൈസ് പ്രസിഡന്റ് വി പി മുസ്തഫയാണ് ഹരജി നല്‍കിയത്. കോവിഡ് സര്‍ട്ടിഫിഫിക്കറ്റിലുള്ള അപാകത മൂലം പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഹരജി അടുത്ത ആഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. സൗദിയിലേക്കുള്ള പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് കോടതിയെ ധരിപ്പിച്ചത്.. നിലവിലുള്ള സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്‌കരമാണ്.

ഇന്ത്യ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാല്‍ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റീനില്‍ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവില്‍ സൗദിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ സൗദിയില്‍ ക്വാറന്റീന്‍ വ്യവസ്ഥയില്‍ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ആണ് സൗദി നിഷ്‌കര്‍ഷിക്കുന്നത്.

സൗദി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആസ്ട്ര സെനക്ക വാക്‌സിന്‍ രണ്ടു ഡോസ് എടുക്കുന്നവര്‍ക്ക് ഇളവുകള്‍ ഉണ്ട്. പക്ഷേ ഇന്ത്യയില്‍ ആസ്ട്ര സെനക്ക വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിലും കോവിഷീല്‍ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവിഷീല്‍ഡ് എന്നത് ആസ്ട്ര സെനക്ക ആണെന്നത് സൗദി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവിഷീല്‍ഡ് വിക്‌സിനെടുത്ത് പോകുന്നവര്‍ക്ക് സൗദിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അവര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.

ഹൈക്കോടതിയോട് ഹരജിക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് കോവിഷീല്‍ഡ് എന്നത് ആസ്ട്ര സെനക്ക ആണെന്നും സര്‍ട്ടിഫിക്കറ്റില്‍ അത് വ്യക്തമായി പ്രതിപാദിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അതോടു കൂടെ പ്രവാസികളുടെ പാസ്‌പ്പോര്‍ട്ട് നമ്പറും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണം എന്നുമാണ്.

ഇന്ത്യയില്‍ ലഭ്യമായ മറ്റൊരു വാക്‌സിനായ കോവാക്‌സിന്‍ നിലവില്‍ സൗദി അറേബ്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്‌സിന്‍ എടുക്കാന്‍ പോകുമ്പോള്‍ മാത്രമാണ് അവര്‍ക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്.

കോവാക്‌സിന്‍ എടുത്ത ഒരു പ്രവാസിയാണെങ്കില്‍ അതിന്റെ ഒരു ആനുകൂല്യവും സൗദിയില്‍ അയാള്‍ക്ക് ലഭിക്കുകയില്ല. അതിനാല്‍ കോവാക്‌സിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ രണ്ടാമത്തെ ആവശ്യം.

സൗദിയിലേക്കുള്ള യാത്രക്ക് ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഒരു പ്രവാസിക്ക് ചിലവാകുന്നത്. അതില്‍ ഏകദേശം എഴുപതിനായിരം രൂപയും സൗദിയില്‍ ഹോട്ടല്‍ ക്വാറന്റീന്‍ സൗകര്യത്തിനായാണ് ചെലവഴിക്കേണ്ടി വരുന്നത്. അതിനാല്‍ ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചാല്‍ എഴുപതിനായിരം രൂപയോളം ഓരോ പ്രവാസിക്കും യാത്രയില്‍ ലാഭിക്കാനാകും.

സര്‍ക്കാര്‍ ശരിയായ രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാവുകയില്ലായിരുന്നു. അതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹരജിക്ക് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

മറ്റൊരു ആവശ്യമായി ഹരജിക്കാര്‍ ഉന്നയിച്ച നാട്ടിലുള്ള പ്രവാസികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കണമെന്ന വിഷയത്തില്‍ അനുകൂല നിലപാട് കേരള സര്‍ക്കാര്‍ എടുത്തുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കെഎംസിസി നല്‍കിയ ഹരജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചു വിശദീകരണം തേടിയ കേരള ഹൈക്കോടതി നടപടിയില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും നന്ദി രേഖപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് അനുകൂലമായ മറുപടിയും നടപടിയും പ്രതീക്ഷിക്കുന്നതായി കെഎംസിസി നേതാക്കള്‍ പറഞ്ഞു.
ALSO WATCH