21കാരിയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രം മലപ്പുറത്തിന് സ്വന്തം

khadeeja-moothedath

മലപ്പുറം: രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയുമായി തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ സംസ്ഥാനത്തെ പ്രായം കുറഞ്ഞ ആദ്യ തദ്ദേശ സ്ഥാപന അധ്യക്ഷ മലപ്പുറം ജില്ലയിലുണ്ട്. ഖദീജ മൂത്തേടത്ത് ആയിരുന്നു സംസ്ഥാന ചരിത്രത്തിലെ പ്രായം കുറഞ്ഞ ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. വനിതകള്‍ രാഷ്ട്രീയത്തിലേക്ക് വലിയ തോതില്‍ കാലെടുത്തു വയ്ക്കും മുമ്പ് കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ ഇരുപത്തിയൊന്നുകാരി വനിത അധ്യക്ഷ പദവി അലങ്കരിച്ചത് മാറഞ്ചേരി പഞ്ചായത്തിലായിരുന്നു.

maranchery women president

1995ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിലെ ഖദീജ മൂത്തേടത്ത് വിജയിച്ച് അധ്യക്ഷയായത്. തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യമായി 33 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിന്ന് ഖദീജ വിജയിച്ചു കയറിയത്. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പില്‍ താല്‍ക്കാലിക ജോലി ചെയ്യുന്നതിനിടെയാണ് അവര്‍ മത്സര രംഗത്തെത്തിയത്. ആദ്യ അങ്കത്തില്‍ തന്നെ വിജയിച്ച് പ്രസിഡന്റായ ഖദീജ പഞ്ചായത്തിലെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തംഗമാവുകയും, ഒരു തവണ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയാവുകയും ചെയ്തു.

മൂന്നില്‍ കൂടുതല്‍ തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്ന് ഇത്തവണ അവര്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. സ്ത്രീകള്‍ പൊതുരംഗത്തേക്ക് കൂടുതലായി കടന്ന് വരുന്നത് സ്വാഗതാര്‍ഹമാണെന്നും, തന്റെ പാതയില്‍ ആര്യ എത്തിയത് എറെ സന്തോഷകരമാണെന്നുമാണ് ഖദീജയുടെ പക്ഷം. നിലവില്‍ വനിത ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ഖദീജ മൂത്തേടത്ത്. തിരുവനന്തപുരം നഗരസഭയില്‍ സീനിയറായ ഷാജിത നാസറിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ വേണ്ടിയാണ് ജൂനിയര്‍ എന്ന മേമ്പൊടി ചേര്‍ത്ത് ആര്യക്ക് പദവി നല്‍കുന്നതെന്ന വിവാദം ഉയരുന്ന സാഹചര്യത്തില്‍ ഖദീജയുടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് ഒന്നു കൂടി തിളക്കമേറുന്നു.