Sunday, June 20, 2021
Home News Kerala ഉമര്‍ ഫൈസിയെ തള്ളി ജിഫ്രി തങ്ങള്‍; വ്യക്തികളുടെ അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ ചാര്‍ത്തരുത്

ഉമര്‍ ഫൈസിയെ തള്ളി ജിഫ്രി തങ്ങള്‍; വ്യക്തികളുടെ അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ ചാര്‍ത്തരുത്

കോഴിക്കോട്: പിണറായി സര്‍ക്കാറിനെ പിന്തുണച്ച് സംസാരിച്ച ഉമര്‍ ഫൈസി മുക്കത്തെ തള്ളി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചില കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം സമൂഹത്തിന് നല്‍കുന്ന പിന്തുണ മറക്കാനാകില്ലെന്നുമാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം കഴിഞ്ഞദിവസം പറഞ്ഞത്. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കോഴിക്കോട് നടത്തിയ പരിപാടിക്ക് ശേഷമായിരുന്നു ഇത്. സമസ്തയുടെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇത് സമസ്തയുടെ നിലപാടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിയെ യോഗത്തിലേക്ക് വിളിക്കാത്തതിനെ ഉമര്‍ ഫൈസി പ്രകീര്‍ത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന പ്രസ്താവനയുമായി സമസ്ത പ്രസിഡന്റ് രംഗത്തെത്തിയത്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുതെന്നും സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല. സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നത് സമസ്തയുടെ നിലാപാടാണ് എന്ന രീതിയില്‍ ഉമര്‍ ഫൈസി കഴിഞ്ഞ ദിവസം ചാനലുകളോട് പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജമാഅത്തുമായി ബന്ധമുണ്ടാക്കിയാല്‍ സമസ്ത എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Most Popular