Thursday, June 17, 2021
Home News Kerala അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം

അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ഗുരുതരമായി പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിന് രേഖാമൂലം ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ദമ്പതികള്‍ മരിച്ച സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലിസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലിസുദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നിയമപാലകരുടെ മുന്നില്‍ രണ്ട് ജീവനുകള്‍ ഇല്ലാതായ സംഭവം ഗുരുതര വീഴചയാണെന്നും പരാതിയിലുണ്ട്.

neyyattinkara-rajan-death

നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ പൂര്‍ണമായ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായ വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ വീടുവച്ചു നല്‍കും. പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപി റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. രാജന്റെ സംസ്‌കാരത്തിന് മറ്റാരും കുഴിയെടുക്കാന്‍ പോലിസ് സമ്മതിക്കാതെ വന്നപ്പോഴാണ് തനിക്ക് കുഴി എടുക്കേണ്ടി വന്നത് എന്ന് രാജന്റെ മകന്‍ പറഞ്ഞു.

കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പോലീസിനും മുന്നില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റാണ്
പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം രാജന്‍ (47), ഭാര്യ അമ്പിളി (40) എന്നിവര്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതോടെ പോലിസ് രാജന്റെ കൈയ്യിലെ ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. മക്കളുടെ മുന്നില്‍ വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളി പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ആദ്യം രാജനും കഴിഞ്ഞ ദിവസം അമ്പിളിയും മരിക്കുകയായിരുന്നു.

Most Popular