Wednesday, July 6, 2022
HomeNewsKeralaഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ പയ്യോളി സ്വദേശിയെന്ന് സംശയം

ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ പയ്യോളി സ്വദേശിയെന്ന് സംശയം

ദോഹ: ഖത്തറിലും ദുബൈയിലും ബിസിനസ് നടത്തുന്ന തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം ടി കെ അഹമ്മദിനെ(53) തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ പയ്യോളി സ്വദേശിയാണെന്ന് സംശയം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20 ഓടെ പള്ളിയില്‍ പോവുന്ന വഴിയില്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.

അഹമ്മദിന്റെ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന പയ്യോളി സ്വദേശി നടത്തിയ സാമ്പത്തിക തിരിമറികള്‍ പിടികൂടിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇദ്ദേഹമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. പയ്യന്നൂര്‍, കാസര്‍കോഡ് ഭാഗത്തുള്ള ക്വട്ടേഷന്‍ സംഘമാണ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഖത്തറിലുള്ള സഹോദരന് പണം ആവശ്യപ്പെട്ട് ഇവര്‍ അയക്കുന്ന ശബ്ദ സന്ദേശത്തിലെ സംസാര രീതിയില്‍ നിന്നാണ് ഇങ്ങിനെയൊരു സൂചന ലഭിച്ചത്. ഏതാണ്ട് 60 ലക്ഷം രൂപയാണ് മോചനത്തിനായി ഇവര്‍ ആവശ്യപ്പെടുന്നത്. ഇന്നലെ ഖത്തര്‍ സമയം രണ്ടു മണിക്ക് മുമ്പ് പണം നല്‍കിയില്ലെങ്കില്‍ സഹോദരന്റെ വിരലുകള്‍ ഓരോന്നായി മുറിച്ചു മാറ്റുമെന്ന് അറിയിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശവും ഇവര്‍ അയച്ചിരുന്നു.

അതേസമയം, പ്രതികളെ പിടികൂടുന്നതിന് പോലീസ് സഹകരിക്കുന്നില്ലെന്ന് വ്യവസായിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന പയ്യോളി സ്വദേശി നാട്ടിലുണ്ടായിട്ടും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ല. വാട്സ്ആപ് ഉള്‍പ്പെടെയുള്ള മൊബൈല്‍ കോളിംഗ് ആപ്പുകള്‍ വഴിയാണ് സംഘം വ്യവസായിയുടെ സഹോദരനുമായി നിരന്തരം ആശയ വിനിമയം നടത്തുന്നത്. സൈബര്‍ സെല്‍ വഴി കൂടുതല്‍ അന്വേഷണം നടത്തി ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Most Popular