Saturday, July 24, 2021
Home News Kerala ദുബയില്‍ നിന്ന് കോഴിക്കോട്ടെത്തിയ സ്വര്‍ണം വാങ്ങാന്‍ പാലക്കാട് നിന്നെത്തിയവര്‍ അപകടത്തില്‍ മരിച്ചു; തട്ടിയെടുക്കാന്‍ കണ്ണൂരില്‍ നിന്നും...

ദുബയില്‍ നിന്ന് കോഴിക്കോട്ടെത്തിയ സ്വര്‍ണം വാങ്ങാന്‍ പാലക്കാട് നിന്നെത്തിയവര്‍ അപകടത്തില്‍ മരിച്ചു; തട്ടിയെടുക്കാന്‍ കണ്ണൂരില്‍ നിന്നും ചിലരെത്തിയതായി സൂചന

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബയില്‍നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം വാങ്ങാനെത്തിയവര്‍. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് പുലര്‍ച്ചെ കരിപ്പുരില്‍നിന്ന് പിടികൂടിയിരുന്നു. പുലര്‍ച്ചെ 2.30ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീക്കി(23)ല്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ഷഫീക്കിന്റെ ശ്രമം. ഷെഫീക്കില്‍നിന്ന് ഈ സ്വര്‍ണം വാങ്ങാനാണ് പാലക്കാട് ചെര്‍പ്പുളശ്ശരിയില്‍നിന്ന് അഞ്ചംഗ സംഘമെത്തിയതെന്നാണ് വിവരം. ചെര്‍പ്പുളശ്ശേരിയില്‍നിന്നെത്തിയ സംഘം കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

തട്ടിയെടുക്കാന്‍ കണ്ണൂര്‍ സംഘം
ramanattukara accident
പാലക്കാടുനിന്നുള്ള സംഘം സ്വര്‍ണം വാങ്ങി മടങ്ങിപ്പോകുമ്പോള്‍, അവരില്‍നിന്ന് അത് തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കണ്ണൂരില്‍ നിന്നും എത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. ഷഫീക്ക് പിടിയിലായത് അറിഞ്ഞ് പാലക്കാടുനിന്നുള്ള സംഘം മടങ്ങിപ്പോവാന്‍ തയ്യാറെടുത്തു.
ഈ സമയത്ത് പാലക്കാടുനിന്നുള്ള സംഘം കണ്ണൂരില്‍നിന്നുള്ള സംഘത്തെ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് വിവരം. തങ്ങളില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ വന്നവരാണ് കണ്ണൂര്‍ സംഘമെന്ന് പാലക്കാടുനിന്നുള്ളവര്‍ക്ക് മനസ്സിലായി. അതിനു പിന്നാലെയുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് രാമനാട്ടുകരയില്‍ ഉണ്ടായ അപകടമെന്നാണ് സൂചന.

കരിപ്പുരിലെത്തിയത് 15 വാഹനങ്ങള്‍?
ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം.

തുടര്‍ച്ചയായി സ്വര്‍ണവേട്ട
ഇന്നലെയും കരിപ്പുരില്‍ മൂന്നരക്കോടിയിലധികം രൂപയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും പിടികൂടിയതിന് പിന്നാലെയാണ് ഇന്ന് രണ്ടരക്കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട നടന്നു. ഖത്തറില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

Most Popular