Saturday, July 24, 2021
Home Ediotrs Pick രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന് സിപിഎം ബന്ധം; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി

രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന് സിപിഎം ബന്ധം; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി

കണ്ണൂര്‍: രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് സിപിഎം ബന്ധം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച് സിപിഎം ചിഹ്നത്തിനൊപ്പവും കൊടിപിടിച്ചുമൊക്കെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രാവിലെ അഴീക്കല്‍ സില്‍ക്കിനടത്തുവച്ച് കണ്ട കാര്‍ മാധ്യമപ്രവര്‍ത്തകരും പോലിസും കസ്റ്റംസും എത്തുന്നതിന് മുന്നെ അപ്രത്യക്ഷമാവുകയായിരുന്നു.

കാര്‍ അര്‍ജുന്‍ ആയങ്കിയുടേതല്ല, ഇയാള്‍ ഇത്തരം പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചതാണെന്നാണ് പോലിസ് പറയുന്നത്. കാര്‍ കാണാതയ സംഭവവുമായി ബന്ധപ്പെട്ട് ഉടമ സജീഷ് കൊയ്യോട് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്തുകയാണ്.

കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി. ഇയാളുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വരെ അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നു.

ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമില്ലെന്ന് ജയരാജന്‍
ചില ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ സൈബര്‍ പോരാളികളെ പോലെ പെരുമാറുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയേയും സ്വര്‍ണക്കടത്തുകേസില്‍ പൊലിസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയേയും അറിയില്ല. കണ്ണൂരുമായി ബന്ധപ്പെട്ട് വളര്‍ന്നു വരുന്ന മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സി.പി.എം എതിരാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.

കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തുന്നത്.
ALSO WATCH

 

Most Popular