Tuesday, May 18, 2021
Home News Kerala കര്‍ഷകര്‍ അടിമകളല്ല; അടിച്ചമര്‍ത്തിയാല്‍ ഇരട്ടി കരുത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കും: വി.സി.സെബാസ്റ്റ്യന്‍

കര്‍ഷകര്‍ അടിമകളല്ല; അടിച്ചമര്‍ത്തിയാല്‍ ഇരട്ടി കരുത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കും: വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കര്‍ഷകരെ അടിമകളായി ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ കരുതിയ കാലം അസ്തമിച്ചുവെന്നും കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടി കരുത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്ന്‍.

ഇന്ത്യയിലെ വിവിധ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകപ്രക്ഷോഭത്തിനും ഭാരതബന്ദിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള കര്‍ഷക കരിദിനത്തിന്റെ സംസ്ഥാനതല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകവിരുദ്ധ നിയമനിര്‍മ്മാണം പറ്റിപ്പോയ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. അതാണ് മാന്യത. ലോകവ്യാപാരസംഘടന, ആസിയാന്‍ കരാറുകളിലൂടെ അനിയന്ത്രിത കാര്‍ഷിക ഇറക്കുമതിക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകനെ ആഗോള കുത്തകകള്‍ക്ക് തീറെഴുതുകയാണ് മോദി സര്‍ക്കാര്‍. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണത്തിന്റെ രൂപത്തിലെത്തുന്ന കര്‍ഷക വിരുദ്ധ നിയമങ്ങളെ കര്‍ഷകപ്രസ്ഥാനങ്ങള്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും ജനാധിപത്യത്തിന്റെ മറവില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പുകാലമായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് അംഗ സംഘടനകള്‍ കര്‍ഷക കരിദിന പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.കേരളത്തില്‍ നിന്ന്  രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ കെ.വി.ബിജുവിന്റെ നേതൃത്വത്തില്‍ 50ല്‍പരം കര്‍ഷകപ്രതിനിധികളാണ് ഡല്‍ഹിയില്‍ പ്രക്ഷോഭസമരത്തില്‍ പങ്കുചേരുന്നത്.

സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഐക്യദാര്‍ഡ്യ കരിദിന പ്രതിഷേധ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ വി.വി.അഗസ്റ്റിന്‍, മുതലാംതോട് മണി, ഡിജോ കാപ്പന്‍, പി.റ്റി. ജോണ്‍, കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ, ഫാ.ജോസ് കാവനാടി, ജന്നറ്റ് മാത്യു,  ജോസഫ് തെള്ളിയില്‍, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, മാര്‍ട്ടിന്‍ തോമസ്,  ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍, ഹരിദാസ് പാലക്കാട്, ഷുക്കൂര്‍ കണാജെ, പി.ജെ.ജോണ്‍ മാസ്റ്റര്‍, ജെയിംസ് പന്ന്യമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകവിരുദ്ധനിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ കേരളത്തിലും പ്രക്ഷോഭം ശക്തമാക്കുമെന്നും വിവിധ കര്‍ഷകസംഘടനാ നേതാക്കളുടെ നേതൃസമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും ജനറല്‍ കണ്‍വീനര്‍ ബിനോയ് തോമസ് അറിയിച്ചു.

Most Popular