Sunday, September 26, 2021
Home News Kerala സൗജന്യ ക്വാറന്റീന്‍ വാഗ്ദാനവുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍

സൗജന്യ ക്വാറന്റീന്‍ വാഗ്ദാനവുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍

കോഴിക്കോട്: ക്വാറന്റീന് പണമടക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ ഒരുക്കാന്‍ തയാറായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമപഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് ഈ തീരുമാനവുമായി രംഗത്തെത്തിയത്.

സൗജന്യ ക്വാറന്റീന്‍ വാഗ്ദാനം ചെയ്തു ഇരു തദ്ദേശ സ്ഥാപനങ്ങളും മുഖ്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായി വരുന്ന പണം തനത് ഫണ്ടില്‍ നിന്ന് എടുക്കാമെന്നും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ടിക്കറ്റെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യത്തിന് പണം കണ്ടെത്തുകയെന്നത് പ്രയാസകരമാണെന്നും അതിനാലാണ് അവരെ സഹായിക്കാന്‍ മുന്നോട്ടു വന്നതെന്നും കൊടുവള്ളി നഗരസഭ അറിയിച്ചു.

സംഘടനകള്‍ വിട്ടു നല്‍കിയ കെട്ടിടങ്ങള്‍, വ്യക്തികള്‍ നല്‍കിയ വീടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിങ്ങനെ ക്വാറന്റീന് ആവശ്യമായ സൗകര്യം നേരത്തേ തന്നെ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെയൊന്നും പണം നല്‍കേണ്ട ആവശ്യമില്ലെന്നും ക്വാറന്റീനിലുള്ളവര്‍ക്ക് നിലവില്‍ ഭക്ഷണം നല്‍കുന്നത് പഞ്ചായത്ത് തന്നെയാണെന്നും അവര്‍ പറഞ്ഞു.

റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും പ്രവാസികളെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് മാത്രമാണ് അധിക ചെലവുള്ളത്. അതിന് തനത് ഫണ്ട് പര്യാപ്തമാണ്. അത് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം.


 

Most Popular