കൊച്ചി: കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളി. അപകടത്തെക്കുറിച്ച് ഒരു തുറന്ന അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ യശ്വന്ത് ഷേണായിയാണ് കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിമാനാപകടങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ചട്ടങ്ങള്‍ 2017-ല്‍ കൃത്യമായ നടപടിക്രമമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം ഇന്ത്യന്‍ സര്‍ക്കാരിനും ബന്ധപ്പെട്ട അധികാരികള്‍ക്കുമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിനും മറ്റ് അധികാരികള്‍ക്കും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെയോ, ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെയോ നേതൃത്വത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.