സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആകാമെന്ന് കേരളം സുപ്രിംകോടതിയില്‍; തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണം

supreme court of india covid death

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തില്‍ കൂടുതല്‍ ആക്കാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രിം കോടതിയില്‍. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണം. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രിം കോടതിയില്‍ വാദിച്ചു.

മറാഠാ സംവരണ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആണ് കേരളം നിലപാട് വ്യക്തമാക്കിയത്. സുപ്രിം കോടതി ഭരണഘടന ബെഞ്ച് 1992-ല്‍ ഇന്ദിര സാഹ്നി കേസില്‍ വിധി പ്രസ്താവിച്ചപ്പോള്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാല്‍, സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവില്‍ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിര്‍മാണ സഭകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം വാദിച്ചു.
ALSO WATCH