പാലക്കാട് ആര്‍എസ്എസ് മണ്ഡലം കാര്യാവാഹക് വെട്ടേറ്റു മരിച്ചു

palakkad rss worker killed

പാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരി മമ്പ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്താണ് (27) മരിച്ചത്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹകാണ്.

ബൈക്കില്‍നിന്നു തെറിച്ചു വീണ സജിത്തിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ നേരത്തെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മലമ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മലമ്പുഴ നിയോജകമണ്ഡലം പരിധിയില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി
കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഎമ്മും പൊലീസും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

ആരോപണം തള്ളി എസ്ഡിപിഐ
ബിജെപിയുടെ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന സംഘപരിവാര്‍ പ്രചാരണം തള്ളിക്കളയണം എന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറംപ്രസ്താാവിച്ചു. സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രദേശത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്ന പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. 2019ല്‍ എലപ്പുള്ളി മേഖലയില്‍ മുസ്ലിം വീടുകള്‍ക്ക് നേരെ ആസുത്രിത അക്രമണം നടത്തുകയും പള്ളിയിലേക്കു പോകുന്നവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ചെയ്യുന്നതിന് നേതൃത്വം കൊടുത്തതായും സഞ്ജിതിനെതിരേ ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തല്‍, കൊലപാതക ശ്രമം, വീട് കയറി ആക്രമണം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു.