Tuesday, September 21, 2021
Home Ediotrs Pick വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ യുഎഇ പ്രവാസി; 45 വര്‍ഷത്തിന് ശേഷം സിനിമാക്കഥകളെ വെല്ലുന്ന റീഎന്‍ട്രി

വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ യുഎഇ പ്രവാസി; 45 വര്‍ഷത്തിന് ശേഷം സിനിമാക്കഥകളെ വെല്ലുന്ന റീഎന്‍ട്രി

കൊല്ലം: 45 വര്‍ഷം മുമ്പ് നടന്ന വിമാന അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുഎഇ പ്രവാസി തിരിച്ചെത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ അമ്പരപ്പില്‍. കണ്ണടയും മുമ്പ് കാണാന്‍ കഴിയില്ലെന്ന് കരുതിയ മകന്റെ രണ്ടാം വരവില്‍ ആനന്ദാശ്രു പൊഴിച്ച് മാതാവ്. കൊല്ലം ശാസ്താംകോട്ടയിലാണ് അത്യൂപൂര്‍വ സംഗമം നടന്നത്. ഉമ്മയെ കണ്ട മകന്റെയും മകനെ കണ്ട ഉമ്മയുടെയും കണ്ണുകള്‍ വിങ്ങിപ്പൊട്ടി.

മരിച്ചെന്ന് കരുതിയ കൊല്ലം ശാസ്താംകോട്ട മൈനാകപള്ളി സ്വദേശി സജാദ് തങ്ങളാണ് 45 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയത്. മുംബൈയിലെ ഒരു ആശ്രമത്തില്‍ കണ്ടെത്തിയ സജാദ് തങ്ങളെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. സമാഗമത്തിന് സാക്ഷിയാകാന്‍ എംഎല്‍എ കോവൂര്‍ കുഞ്ഞിമോന്‍ സ്ഥലത്തെത്തിയിരുന്നു.

91 വയസുള്ള ഉമ്മയുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമായാണ് മകന്‍ തിരിച്ചെത്തിയത്. കാണാതായപ്പോള്‍ 24 വയസായിരുന്നെങ്കില്‍ സജാദിന് ഇപ്പോള്‍ 69 വയസാണ്. 45 വര്‍ഷത്തിനിടെ, സഹോദരങ്ങള്‍ വിവാഹം കഴിച്ചു, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചു. ദൈവം ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. കാര്യങ്ങള്‍ അങ്ങനെയേ നടക്കൂ എന്ന് പറഞ്ഞമകനോട് ‘ നിനക്ക് ഇത്രകാലം മാറി നില്‍ക്കാനുള്ള ധൈര്യമുണ്ടായിരുന്നോടാ’ എന്നായിരുന്നു ഉമ്മയുടെ ചോദ്യം.
sajjad1

കലാകാരന്മാരെ ഗള്‍ഫിലെത്തിച്ച് സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ആളായിരുന്നു സജാദ്. 1976 ല്‍ സജാദ് നടി റാണിചന്ദ്ര ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളെ ഗള്‍ഫിലെത്തിച്ച് സ്റ്റേജ് ഷോ നടത്തിയിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയുണ്ടായ വിമാന അപകടത്തില്‍ റാണിചന്ദ്ര ഉള്‍പ്പെടെ 95 പേരുടെ ജീവന്‍ പൊലിഞ്ഞു. മരിച്ചവരുടെ കൂട്ടത്തില്‍ സജാദുണ്ടെന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്.

പക്ഷേ അവസാന നമിഷം വിമാനയാത്ര സജാദ് ഒഴിവാക്കിയിരുന്നു. സജ്ജാദിന് പകരം വേറൊരാളാണ് വിമാനത്തില്‍ യാത്ര ചെയ്തത്. വിമാനാപകട വാര്‍ത്ത സജാദിനെ വല്ലാതെ തളര്‍ത്തി. താന്‍ കാരണമാണ് ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന ചിന്തയിലായിരുന്നു സജ്ജാദ്. ആളുകളില്‍ നിന്ന് അകന്ന് വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായിരുന്നു സജാദിന്റെ പിന്നീടുള്ള ജീവിതം. ചെറിയ ചെറിയ ജോലികളോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ആരോഗ്യം ക്ഷയിച്ചതോടെ മുംബൈയിലെ ഒരു അഭയകേന്ദ്രത്തിലായി.
sajjad

കഴിഞ്ഞ ദിവസം അടൂര്‍ സ്വദേശികളായ രണ്ടുപേര്‍ വീട്ടിലെത്തി മുംബൈയിലെ ഒരു അഭയകേന്ദ്രത്തില്‍ സജാദുണ്ടെന്ന് അറിയിച്ചു. അദ്ദേഹം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് സഹോദരങ്ങള്‍ മുംബൈയിലെത്തി സജാദിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ ഉമ്മയുമായി സംസാരിച്ചപ്പോള്‍ നാലു വയസ്സുമുതലുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സജാദ് സംസാരിച്ചിരുന്നു.

ഒടുവില്‍ സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ സജാദ് തങ്ങളുടെ റീഎന്‍ട്രി.

 

Most Popular