പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

samastha jifri muthu koya thangal

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഏകോപനസമിതി അംഗങ്ങളും നിയമജ്ഞരും പങ്കെടുത്ത സംയുക്ത യോഗത്തിനു ശേഷമാണ് സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇതുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കും. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമാകുമെന്നും സമസ്തയോഗം വിലയിരുത്തി.
പെണ്‍കുട്ടികളുടെ ശാരീരിക മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാകും പുതിയ തീരുമാനം. വികസിത രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണ് എന്നിരിക്കെ ഇന്ത്യ വിവാഹപ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നും യോഗം വിലയിരുത്തി.

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനമെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. ആലിക്കുട്ടി മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമ്മര്‍ ഫൈസി, ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.