Monday, June 14, 2021
Home News Kerala 89 പറഞ്ഞ് ഭിന്നിപ്പിന്റെ വിഷവിത്ത് വിതക്കാന്‍ ശ്രമിക്കരുതെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്; ഒളിയമ്പ് ലീഗിലെ...

89 പറഞ്ഞ് ഭിന്നിപ്പിന്റെ വിഷവിത്ത് വിതക്കാന്‍ ശ്രമിക്കരുതെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്; ഒളിയമ്പ് ലീഗിലെ യുവ നേതാക്കള്‍ക്കെതിരേ

കോഴിക്കോട്: സമസ്തയെ 1980കളുടെ മാതൃകയില്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് വിലപ്പോകില്ലെന്നും സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. മുസ്്ലിം ലീഗിന്റെ ചില നേതാക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഒരിക്കലും ലീഗിനോടുള്ള എതിര്‍പ്പായിരുന്നില്ലെന്നും ഫൈസി വ്യക്തമാക്കി. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഹമീദ് ഫൈസി ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗിനെതിരേ അഭിപ്രായം തുറന്നുപറയുന്നവരെ കരിവാരിത്തേക്കുന്ന ലീഗ് നേതാക്കളെ ലക്ഷ്യമിട്ടാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
1980കളില്‍ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാന്‍ ചില നീക്കങ്ങളുണ്ടായി. സമസ്ത മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും അല്ലെങ്കില്‍ സുന്നി യുവജന സംഘത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കണമെന്നും കേന്ദ്ര മുശാവറക്ക് സമസ്തയുടെ തന്നെ ഒരു കീഴ്ഘടകം കത്തുനല്‍കി. സമസ്ത അത് നിരാകരിച്ചു. തുടര്‍ന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സമസ്തയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്ത് ഉദ്ദിഷ്ട രാഷ്ട്രീയ ലക്ഷ്യവുമായി അവര്‍ മുന്നോട്ടു പോയി. 1989 മുതല്‍ അവര്‍ ഓരോ തിരഞ്ഞെടുപ്പിലും നയം പ്രഖ്യാപിച്ച് രാഷ്ട്രീയ പിന്തുണയുമായി പ്രവര്‍ത്തിച്ച് വരുന്നു. അധികസമയവും സി.പി.എമ്മിനാണ് അവര്‍ പിന്തുണ നല്‍കിയത്.

1989 ആവര്‍ത്തിക്കാനുള്ള ശ്രമം ഇപ്പോള്‍ വീണ്ടും സമസ്തയില്‍ നടന്നു വരുന്നു എന്നാണ് ആരോപണം. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഇപ്പോള്‍ ചിലരില്‍ നിന്നും ആവര്‍ത്തിച്ച് കേള്‍ക്കുന്ന വാക്കാണ് എണ്‍പതുകള്‍, എണ്‍പത്തിയൊമ്പത് എന്നൊക്കെ. ഈ ചിലര്‍ സാധാരണക്കാരല്ല. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ പറയാതെ വയ്യ.

സത്യത്തില്‍ എന്തായിരുന്നു ഈ 89?

1. സ്വതന്ത്ര അധികാരമുള്ള ഒരു സംഘടന ലക്ഷ്യമാക്കി സമസ്തക്കുള്ളില്‍ കാന്തപുരം കരുക്കള്‍ നീക്കി.
2. വഹാബിസത്തിന്റെ മറവില്‍ മുസ്ലിം ലീഗിന്റെ അസ്തിത്വം തന്നെ ചോദ്യംചെയ്തു. സ്റ്റേജും പേജും ഉപയോഗിച്ച് നിരന്തരം മുസ്ലിംലീഗിനെ ആക്രമിച്ചുകൊണ്ടിരുന്നു.
3. പാണക്കാട്ടെ സയ്യിദന്‍മാരെ വിലകുറച്ചു കാണിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തി. സംഘടനാ നേതൃത്വത്തില്‍ നിന്ന് അവരെ മാറ്റി നിറുത്തി.
4.തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തേണ്ട ലീഗ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
5. നേതൃത്വത്തെ ധിക്കരിച്ചു കൊണ്ട് സമ്മേളനങ്ങളും പരിപാടികളും നടത്തി.
6. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒട്ടും സൂക്ഷ്മത കാണിച്ചില്ല.
7. ‘സുന്നിക്ക് കമ്മ്യൂണിസ്റ്റ് ആവാം’ എന്നു ഫത്വ നല്‍കി.

ഇനി പറയൂ..’89 ആവര്‍ത്തിക്കുന്ന ന്യൂ ജനറേഷനോ ഒറിജിനല്‍ ലീഗുകാര്‍. പാണക്കാട് സയ്യിദുമാരെ അളവറ്റ് സ്നേഹിക്കുന്നവര്‍. നേതൃത്ത്വത്തെ അനുസരിക്കുന്നവര്‍. സമസ്തയെ പൊന്ന് പോലെ സ്നേഹിക്കുന്നവര്‍ ഇവര്‍ക്ക് നേരെയാണോ ഈ ആരോപണം.?

സമസ്തയില്‍ നിന്ന് വേറിട്ട് പോകാനോ രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാനോ സമസ്ത നേതൃത്വത്തില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ ഒരാള്‍പോലും ഇന്നുവരെ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നതാണ് നേര്. 89 മുതല്‍ ഇക്കാലമത്രയും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ ഇക്കാര്യം ആധികാരികമായി പറയാന്‍ ഈ വിനീതന് കഴിയും. പിന്നെന്താണ് ഈ ആരോപണത്തിന് കാരണം? പറയാം.

1). മുസ്ലിം വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം ഇസ്ലാമിക ശരീഅത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.
-വിവാഹപ്രായം
-ഹിജാബ്
-ചേലാകര്‍മ്മം
-നിലവിളക്ക് കൊളുത്തല്‍
-ആണും പെണ്ണും വിദ്യാലയങ്ങളില്‍ ഇടകലര്‍ന്ന് ഇരിക്കണമെന്ന വാദം
-സമ്മേളന, ക്യാമ്പുകളില്‍ നടക്കുന്ന ജുമുഅഃ പ്രാര്‍ത്ഥന
-മുത്വലാഖ് നിരോധിക്കണമെന്ന വാദം
-മുജാഹിദ് സമ്മേളന വേദിയില്‍ വെച്ച് സമസ്തയെ നിശിതമായി വിമര്‍ശിക്കല്‍
-മാതൃഭൂമി പോലെയുള്ള പത്രങ്ങള്‍ക്ക് ശരീഅത്ത് വിരുദ്ധ ലേഖനം നല്‍കല്‍.

ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ വാദഗതികള്‍ ഇത്തരം വിഷയങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ച് മുന്നോട്ട് വന്നപ്പോള്‍ ഇസ്ലാമിക ബോധമുള്ള ചുണക്കുട്ടികള്‍ എതിര്‍ത്തിട്ടുണ്ട്.
ആ എതിര്‍പ്പ് മുസ്ലിം രാഷ്ട്രീയ സംഘടനയോടുള്ള എതിര്‍പ്പല്ല.
പ്രത്യുത മതസംഘടനകള്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചാല്‍ വലിയൊരു വിഭാഗം മുസ്ലിംകള്‍ ഇസ്ലാമിക ശരീഅത്തിനെ വികലമായി മനസ്സിലാക്കിയേക്കും എന്ന ആശങ്ക കൊണ്ട് മാത്രമാണ്.

2) സമസ്തയുടെ സംഘടനാ പ്രതിയോഗികളെ സഹായിക്കാനും സമസ്തയെ അവഗണിക്കാനും ചിലര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പല പ്രതികരണങ്ങളും പുറത്ത് അറിയിക്കാതെയായിരുന്നു .
ഒരു ഉദാഹരണം മാത്രം പറയാം. ഒരു മത സംഘടന എന്ന നിലയില്‍ പള്ളി, മദ്രസ, സ്ഥാപന നടത്തിപ്പ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ പ്രധാനമാണ്. കോടതികളില്‍ വരുന്ന ഇത്തരം കേസുകള്‍ പലപ്പോഴും വഖഫ് ട്രൈബ്യൂണലിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2013ല്‍ പുതിയ കേന്ദ്ര വഖഫ് ആക്ട് നിലവില്‍ വന്നു. 2013 ലെ വഖഫ് അമെന്‍മെന്റ് ആക്ട് വന്നതോട് കൂടി സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന ട്രൈബൂണലിലെ ഏക പദവിക്ക് പകരം ഒരു മുസ്ലിം മത പണ്ഡിതനെയും ഒരു ഉയര്‍ന്ന മുസ്ലിം ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തി മൂന്നംഗ ട്രൈബൂണല്‍ ആക്കാന്‍ ഈ ആക്ട് നിര്‍ദേശിക്കുന്നു. സ്വാഭാവികമായും മഹാഭൂരിപക്ഷം വരുന്ന മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന സമസ്തയുടെ ഒരു പ്രതിനിധിയെ എങ്കിലും അതില്‍ നിശ്ചയിക്കാമായിരുന്നു. സമസ്ത ശ്രമങ്ങള്‍ നടത്തി. അത് നടന്നില്ലെന്ന് മാത്രമല്ല അവസാനം ഗവര്‍മെന്റ ട്രൈബ്യൂണല്‍ മൂന്നെണ്ണം ആക്കുകയും രണ്ടെണ്ണം കാന്തപുരം വിഭാഗത്തിനും ഒരെണ്ണം സമസ്തക്കും തരാമെന്ന് വിചിത്രമായ നിലപാടെടുത്തു. ഒന്നെങ്കില്‍ ഒന്ന്’ എന്ന് സമസ്ത സമ്മതിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ കോഴിക്കോട് റീജിയണല്‍ ട്രൈബ്യൂണല്‍ അംഗമായി ഗവണ്‍മെന്റ് ഓഡര്‍ ഇറങ്ങി. കാന്തപുരം വിഭാഗത്തിന് എതിര്‍പ്പിനെതുടര്‍ന്ന് ദിവസങ്ങള്‍ക്കകം ഓഡര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത്തരം അനീതി ഏതു ഭാഗത്തു നിന്നായാലും എതിര്‍പ്പ് ഉണ്ടാകില്ലേ? ഇതൊരു ഉദാഹരണം മാത്രം .
മുകളില്‍ വ്യക്തമാക്കിയ രണ്ട് തരം കാരണങ്ങളല്ലാതെ ഒരു കാരണവും ഈ ആരോപകര്‍ക്ക് ഉന്നയിക്കാനാവില്ല. ഇതിന്റെ പേരിലാണ്
-89 ആവര്‍ത്തിക്കുന്നുവെന്ന ആരോപണം.
-സമസ്തയെ സിപിഎമ്മിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണം.
-ലീഗ് വിരുദ്ധരെന്ന ചാപ്പ കുത്തല്‍.
-സൈബര്‍ സഖാക്കള്‍ എന്ന ആരോപണം.

ആരോപണങ്ങള്‍ തുടരാം പക്ഷേ, ആദര്‍ശ വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല. സത്യത്തിനെ കൂടെ നില്‍ക്കാനേ പ്രവര്‍ത്തകര്‍ക്ക് കഴിയൂ. പിന്നെ, ഇതൊന്നും ലീഗ് സമസ്ത ഭിന്നതയായി ആരും കാണേണ്ടതില്ല. സമസ്ത പ്രസിഡണ്ടും മുസ്ലിം ലീഗ് പ്രസിഡണ്ടും അക്കാര്യം ഇന്നലെ വീണ്ടും വ്യക്തമാക്കി. ശരീഅത്തിനെ ചോദ്യം ചെയ്യുന്ന പ്രവണത ഇനി പാര്‍ട്ടിയിലെ ഒരാളില്‍നിന്നും ഉണ്ടാകില്ലെന്ന് ബഹു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ ഉറപ്പു തന്നിട്ടുണ്ട്. അതിനുശേഷം അത്തരം പ്രസ്താവനകള്‍ ഉണ്ടായിട്ടില്ലെന്നും ശ്രദ്ധേയമാണ്. ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെയും സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളെയും പ്രൊഫസര്‍ ആലിക്കുട്ടി ഉസ്താദിനെയും മുശാവറ അംഗങ്ങളെയും രണ്ടുതട്ടില്‍ ആക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. ആ ശ്രമം വിജയിക്കുകയും ഇല്ല. 89 പറഞ്ഞ് ഭിന്നിപ്പിന്റെ വിഷവിത്ത് വിതയ്ക്കാന്‍ ഉള്ള ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയുന്നതായിരിക്കും നല്ലത്. കൂടുതല്‍ പറയിപ്പിക്കരുത്.

Most Popular