മരക്കാര്‍ ഹിന്ദി പതിപ്പില്‍ പതിവ് തെറ്റിക്കാതെ പ്രിയദര്‍ശന്‍; 11 കെട്ടിയ താനൂര്‍ അബൂബക്കര്‍ ഹാജി

marakkar mohanlal

യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്ത രീതിയില്‍ സിനിമകളില്‍ മുസ്ലിംകളെ വികൃതമായി ചിത്രീകരിക്കുന്ന പതിവ് പ്രിയദര്‍ശന്‍ തിരുത്തിയെന്ന് കരുതിയവര്‍ക്ക് തെറ്റി. കുഞ്ഞാലി മരക്കാറെ കുറിച്ച് സിനിമ എടുത്തപ്പോഴും സംഘപരിവാര സഹയാത്രികനായ പ്രിയദര്‍ശന്‍ ആ ‘ഖ്യാതി’ നിലനിര്‍ത്തിയെന്നാണ് ‘കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടവര്‍ പറയുന്നത്.

മലയാളത്തില്‍നിന്നു വിമര്‍ശനം ഭയന്ന് കട്ട് ചെയ്ത് ഒഴിവാക്കിയ ഭാഗം ഹിന്ദി പതിപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെ സംബന്ധിച്ച് ഇപ്പോള്‍ സംവിധായകനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ മലയാളത്തില്‍ ഇല്ലാത്ത എന്നാല്‍ മറ്റു ഭാഷകളില്‍ ഉള്ള ഒരു രംഗമാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തുന്ന രംഗത്തിലാണ് ‘പതിനൊന്ന് കെട്ടിയ’ ഹാജിയാരുടെ രംഗമുള്ളത്. മാമുക്കോയയാണ് പതിനൊന്ന് കെട്ടിയ താനൂര്‍ അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
marakkar mamukkoya1പോര്‍ച്ചുഗീസുകാര്‍ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയല്‍ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാര്‍ ചോദിക്കുന്നത് ‘തനിക്ക് എത്ര ഭാര്യമാര്‍ ഉണ്ടെന്നാണ്’ പതിനൊന്ന് ഭാര്യമാര്‍ എന്ന് ഉത്തരം പറയുന്ന ഹാജി ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ വീട്ടിലേക്ക് പോവുന്നതോടെയാണ് സീന്‍ അവസാനിക്കുന്നത്.

ഈ കഥാപാത്രത്തോട് സിദ്ദീഖിന്റെ പട്ടുമരക്കാര്‍, പണ്ട് കൊണ്ടോട്ടി മാര്‍ക്കറ്റില്‍ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാല്‍ തനിക്ക് തിരിച്ചറിയാമെന്നും പറയുന്നുണ്ട്.

ഈ രംഗം മലയാളത്തില്‍ ഇറങ്ങിയ പതിപ്പില്‍ ഇല്ല. എന്നാല്‍ തമിഴ് – ഹിന്ദി പതിപ്പുകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതേതുടര്‍ന്ന് സിനിമക്കും പ്രിയദര്‍ശനുമെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ചിത്രം ഈ മാസം ആദ്യം തിയേറ്ററില്‍ ഇറങ്ങും മുമ്പ് തന്നെ പ്രിയദര്‍ശന്റെ മുന്‍ സിനിമകളിലെ മുസ്ലിം വിരുദ്ധ കഥാപാത്രങ്ങളും നിലപാടും ചര്‍ച്ചയായിരുന്നു. മരക്കാറിലും അത് ആവര്‍ത്തിക്കാനിടയുണ്ടെന്നും പലരും സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാവണം ഈ രംഗം മലയാളത്തില്‍ കട്ട് ചെയ്ത് ഒഴിവാക്കിയതെന്നാണ് സൂചന.

ഡിസംബര്‍ 17നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചരിത്രത്തോട് തീര്‍ത്തും നീതി പുലര്‍ത്താതെയാണ് കുഞ്ഞാലിമരക്കാറുടെ സിനിമ അണിയിച്ചൊരുക്കിയതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.