Saturday, April 17, 2021
Home News Kerala എസ്ഡിപിഐ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എസ്ഡിപിഐ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക എസ്ഡിപിഐ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന ‘ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത ജനാധിപത്യ പോരാട്ടം പാര്‍ട്ടി നടത്തും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സവിശേഷമായൊരു രാഷ്ട്രീയാന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. മതേതര പാര്‍ട്ടികള്‍ വരെ ഹിന്ദുത്വ ഭൂമികയില്‍ നിന്നുള്ള ചര്‍ച്ചകളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. ബിജെപി വിഭാവനം ചെയ്യുന്ന വിദ്വേഷാധിഷ്ടിതമായ സാമൂഹിക വിഭജനത്തിന് ഇടതു വലതു മുന്നണികള്‍ അവരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കുന്നത് മതേതര വിശ്വാസികളെ നിരാശരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 94 മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്നു. ഇത്തവണയും ഏതാണ്ട് അത്രയും മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് സാധ്യത. സംഘപരിവാറുമായി ഒഴിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിക്കുന്ന, സംവരണ വിഷയത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരാണ് ഇടതുവലതു മുന്നണികള്‍. എസ്ഡിപിഐ മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതിന് ശേഷം നിലപാട് അറിയിക്കുമെന്ന് മജീദ് ഫൈസി പറഞ്ഞു. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍, അവരെ പരാജയപ്പെടുത്താനുള്ള സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ സ്ഥാനാര്‍ഥികളും മല്‍സരിക്കുന്ന മണ്ഡലങ്ങളും

അജ്മല്‍ ഇസ്മായീല്‍(വാമനപുരം), ഷറാഫത്ത് മല്ലം (ചടയമംഗലം), ജോണ്‍സണ്‍ കണ്ടച്ചിറ(ചവറ), അഡ്വ. സുമയ്യ നജീബ് (കരുനാഗപ്പള്ളി), അഷറഫ് ചുങ്കപ്പാറ (റാന്നി), എം എം താഹിര്‍ (അമ്പലപ്പുഴ), അജ്മല്‍ കെ മുജീബ് (പെരുമ്പാവൂര്‍), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കുന്നത്തുനാട്), വി എം ഫൈസല്‍ (കളമശ്ശേരി), റഷീദ് എടയപ്പുറം (ആലുവ), വി എസ് അബൂബക്കര്‍ (കുന്നംകുളം), ഫൈസല്‍ ഇബ്രാഹീം( മണലൂര്‍), എം കെ ഷമീര്‍ (കൈപ്പമംഗലം), അഷറഫ് വടക്കൂട്ട് (ഗുരുവായൂര്‍), എസ്പി അമീര്‍ അലി (പട്ടാമ്പി), അന്‍വര്‍ പയഞ്ഞി (പൊന്നാനി), ബാബുമണി കരുവാരക്കുണ്ട് (നിലമ്പൂര്‍), മുസ്തഫ പാലേരി (വടകര), നാസര്‍ പേരോട് (നാദാപുരം), വാഹിദ് ചെറുവാറ്റ (കുന്നമംഗലം), ഷംസുദ്ദീന്‍ മൗലവി (കണ്ണൂര്‍), ലിയാഖത്ത് അലി (തൃക്കരിപ്പൂര്‍).

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല എന്നിവര്‍ സംബന്ധിച്ചു.

Most Popular