മണ്ണഞ്ചേരി (ആലപ്പുഴ): ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാനാണ് (38) കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍ ആയിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര് വെട്ടുകയുമായിരുന്നു.
കൈകാലുകള്‍ക്കും വയറിനും തലക്കുമാണ് വെട്ടേറ്റിത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
അക്രമി സംഘം ആ കാറില്‍ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത വീട്ടിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പിറകില്‍ നിന്ന് കാറിടിക്കുമ്പോള്‍ ഷാന്‍ തെറിച്ച് വീഴുന്നതും അഞ്ചോളം പേര് ഇറങ്ങിവന്ന് തലങ്ങും വിലങ്ങും വെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
ആലപ്പുഴ ഡിവൈഎസ്പി എം ജയരാജ്, നോര്‍ത്ത് സിഐ കെ പി വിനോദ്, മണ്ണഞ്ചേരി എസ്ഐ കെ ആര് ബിജു, മാരാരിക്കുളം എസ്ഐ സിസില്‍ ക്രിസ്ത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി. ഭാര്യ: ഫന്‍സില. മക്കള്‍: ഹിബ ഫാത്തിമ, ലിയ ഫാത്തിമ.
ആര്‍എസ്എസ് ഭീകരതയെന്ന് എംകെ ഫൈസി
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകം ആര്‍എസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എംകെ ഫൈസി പറഞ്ഞു. ഷാന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.