Monday, May 10, 2021
Home News Kerala തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഇരട്ടിയാക്കി എസ്ഡിപിഐ; പലയിടത്തും നിര്‍ണായകം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഇരട്ടിയാക്കി എസ്ഡിപിഐ; പലയിടത്തും നിര്‍ണായകം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി സീറ്റുകള്‍ നേടി ശ്രദ്ധേയമായ പ്രകടനവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ 100 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നിരവധി വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്താണ്. കാസര്‍കോഡ് ജില്ലയിലെ ഒരു ബ്ലോക്ക് ഡിവിഷനില്‍ അട്ടിമറി വിജയവും എസ്ഡിപിഐ നേടി.

മൂന്ന് മുന്നണികളോട് തനിച്ച് മല്‍സരിച്ചാണ് എസ്ഡിപിഐ മികച്ച നേട്ടം കൊയ്തത്. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി.

പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇരു മുന്നണികള്‍ക്കും ഭരണം നേടണമെങ്കില്‍ എസ്ഡിപിഐ പിന്തുണ നിര്‍ണായകമാണ്. കഴിഞ്ഞ തവണ നാല് ഡിവിഷനുകള്‍ ജയിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇത്തവണ അഞ്ച് ഡിവിഷനുകള്‍ വിജയിച്ച് എസ്ഡിപിഐ നിര്‍ണായക ശക്തിയായി. വയനാട് ഒഴിച്ച് എല്ലാ ജില്ലകളിലും പാര്‍ട്ടി അക്കൗണ്ട് തുറന്നിട്ടുണ്ട്. കഴിഞ്ഞ തവണ എസ്ഡിപിഐ ജയിച്ച ചിലയിടങ്ങളിലും ജയസാധ്യതയുള്ള സ്ഥലങ്ങളിലും മുന്നണികള്‍ അവിശുദ്ധ സഖ്യമുണ്ടാക്കിയതായി എസ്ഡിപിഐ നേതാക്കള്‍ ആരോപിക്കുന്നു.

ഇതുവരെ വിജയിച്ചത്
കണ്ണൂര്‍ 13 (സിറ്റിങ്- 2)
ആലപ്പുഴ 13 (സിറ്റിങ്-6)
കൊല്ലം 10 (സിറ്റിങ്-6)
കോട്ടയം 10 (സിറ്റിങ്-6)
തിരുവനന്തപുരം 10 (സിറ്റിങ്-7)
കാസര്‍ഗോഡ് 8 (സിറ്റിങ്-1)
പാലക്കാട് 7 (സിറ്റിങ്-2)
പത്തനംതിട്ട 6 (സിറ്റിങ്-4)
തൃശൂര്‍ 5 (സിറ്റിങ്-1)
എറണാകുളം 5 (സിറ്റിങ്-4)
മലപ്പുറം 8 (സിറ്റിങ്-5)
കോഴിക്കോട് 4 (സിറ്റിങ്-2)
ഇടുക്കി 1 (സിറ്റിങ്-1)
വയനാട് 0
ആകെ 100 (2015ല്‍ വിജയിച്ചത്-47).

Most Popular