കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ പ്രവാസികള്‍

air iindia first passenger to kochi

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നു പേര്‍ വ്യാഴാഴ്ച വിദേശത്തു നിന്നെത്തിയവര്‍. അബൂദബി-കൊച്ചി വിമാനത്തില്‍ വന്ന തൃശൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളം, വയനാട് ജില്ലകളിലെ ഓരോ രോഗികള്‍ ചെന്നൈയില്‍ നിന്നു വന്നതാണ്.

എറണാകുളത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള യുവതിയുടെ മകനാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. മകനെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ചെന്നൈയില്‍ നിന്ന് എത്തിയവരാണ് ഇവര്‍. കുട്ടിയുമായി അടുത്ത് ഇടപഴകിയ 3 പേരെയും കളമശേരി മെഡിക്കല്‍ കോളജിലേക്കു നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്.

വയനാട്ടില്‍ ഇന്നു കോവിഡ് സ്ഥിരീകരിച്ച മറ്റ് 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി തിരിച്ചുവന്ന ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് ഇവര്‍. ഇതോടെ, ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7 ആയി.

അതേ സമയം, ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന കാസര്‍കോഡ് ജില്ല ഇന്ന് രോഗമുക്തമായി. കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗമുക്തനായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നത്.

seven covid cases in kerala today; three expats