Sunday, September 26, 2021
Home News Kerala കുവൈത്തില്‍ നിന്നെത്തിയ പ്രവാസി ഉള്‍പ്പെടെ സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ്

കുവൈത്തില്‍ നിന്നെത്തിയ പ്രവാസി ഉള്‍പ്പെടെ സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കുവൈത്തില്‍ നിന്നെത്തിയ പ്രവാസി ഉള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലുള്ള നാലുപേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ നാലുപേര്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നവരാണ്. പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്.

വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

1307 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്ത് നിന്നു സംസ്ഥാനത്തെത്തിയത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ പ്രവാസികളും മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും എത്തുന്നതോടെ കേരളത്തിലെ കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Most Popular