തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലിസ് ഏറെക്കുറെ ഉറപ്പിച്ചു. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പോലിസ് സൂചന നല്കി. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്.
സംഭവം നടക്കുമ്പോള്‍ അരുണും ശാഖയുടെ രോഗിയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായത്. ഷേക്കേറ്റു മരിച്ചു എന്നാണ് അരുണ്‍ പറഞ്ഞത്. സംശയം തോന്നിയ അയല്‍ക്കാരാണ് പോലിസിനെ അറിയിച്ചത്. തലേന്ന് വീട്ടില്‍ ക്രിസ്മസിനുള്ള അലങ്കാരങ്ങളുടെ ഭാഗമായി വിളക്കുകളും മറ്റും ഒരുക്കിയിരുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു വയര്‍ പ്ലഗ്ഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്ത ശേഷം മറ്റേ അറ്റം ഹാളിലേക്ക് ഇടുകയായിരുന്നു. രാവിലെ എഴുന്നേറ്റ ശാഖ ഹാളില്‍ വയര്‍ കിടക്കുന്നത് കണ്ട് എടുത്ത് നോക്കിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പോലിസില്‍ നിന്ന് ലഭിക്കുന്ന വിവരം.
രാവിലെ ശാഖ എഴുന്നേറ്റ് വരുമ്പോള്‍ ശാഖ വയര്‍ എടുത്തു നോക്കുമെന്നും അത് മരണത്തിലേക്ക് നയിക്കുമെന്നും കണക്കു കൂട്ടി തന്നെയാണ് അരുണ്‍ ഇങ്ങിനെ ചെയ്തത് എന്നാണ് സൂചന. ഇതിനുള്ള ശാസ്ത്രീയ തെളിവുകളും മറ്റും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. വെള്ളറട പോലിസ് അരുണിനെ കസ്റ്റിഡിയിലെടുത്ത് പല തവണ ചോദ്യം ചെയ്തിരുന്നു. ഇതില്‍ അരുണ്‍ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.
വിവാഹത്തിന് പിന്നാലെ വഴക്ക്; നേരത്തേയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമം
സമ്പന്നയായ ശാഖയും 26-കാരനായ അരുണും പ്രണയത്തിനൊടുവില്‍ വിവാഹിതരായെന്നാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. രണ്ട് മാസം മുമ്പ് മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ്. എന്നാല്‍ വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്സ് വെളിപ്പെടുത്തി. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഹോം നഴ്സ് രേഷ്മ വെളിപ്പെടുത്തി.
അതിനിടെ, ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതായും സമീപവാസികള്‍ പറഞ്ഞു. മൂക്ക് ചതഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു.