എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്ക്

kv aneesh
കെ വി അനീഷ്

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയടക്കം ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവ്. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണപുരോഗതി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ആര്‍എസ്എസ് ആലുവ ജില്ല പ്രചാരക് ഇന്ന് അറസ്റ്റിലായിരുന്നു. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാംവാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഷാനെ കൊലപെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ഒളിത്താവളം ഒരുക്കിയതടക്കമുള്ള സഹായം നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്. അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനീഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആര്‍എസ്എസ് നേതൃത്വത്തിലേക്ക് നീങ്ങുന്നത്.

ഷാന്‍ വധത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരടക്കം മുഖ്യപ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. ഇനി ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ടുപോകും. ഗൂഢാലോചന ആരിലേക്ക്, എവിടെവരെ എത്തുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

ആയതിനാല്‍ ഇനിയും പ്രതികളുടെ എണ്ണം കൂടും. ആരുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകമെന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തണം. കുറച്ച് പ്രതികളെക്കൂടി കണ്ടെത്താനായിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമവുമായി മുന്നോട്ടുപോകും.

ഗൂഢാലോചന തെളിയിക്കുന്നത് പ്രതികളുടെ മൊഴിയുടെയും ബാക്കി തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കണ്ടെത്തല്‍. കൃത്യം നടത്തിയശേഷം ആര്‍എസ്എസ് കാര്യാലയത്തിലാണ് പ്രതികള്‍ എത്തിയത്. ഇത് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.

അത് ഏതറ്റംവരെ പോകുമെന്ന് വഴിയേ മനസ്സിലാകും. സിസി ടി.വി ദൃശ്യത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളെക്കൂടാതെ സഹായം നല്‍കിയവരടക്കമുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

കണ്ണൂരില്‍നിന്നുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ് ഷാന്റെ കൊലപാതകം നടന്നുവെന്നതടക്കമുള്ള കാര്യവും പൊലീസ് പരിശോധിക്കും. അറസ്റ്റിലായ ആര്‍എസ്എസ് ജില്ല പ്രചാരകില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ട്.

ഡിസംബര്‍ 18ന് രാത്രി 7.30ന് മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന എസ്ഡിപിഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ (38) പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഷാന്‍ വധക്കേസില്‍ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആര്‍എസ്എസ് കാര്യാലയത്തില്‍ ജില്ല പ്രചാരകിന്റെ മുറിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന വിവരവും പോലിസിന് ലഭിച്ചിട്ടുണ്ട്.