തിരുവനന്തപുരം: ബിജെപി ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രന് രാജിവെച്ച് സിപിഎമ്മില്‍ ചേരുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന് തല്ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും റിപോര്‍ട്ടുണ്ട്.
സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്‍ ശോഭ നിഷേധിച്ചു. അതിനിടെ കോണ്‍ഗ്രസില്‍ പോകുമെന്നും അഭ്യൂഹമുണ്ടായി. തല്ക്കാലം കാത്തിരിക്കാനാണു മുതിര്‍ന്ന നേതാക്കള്‍ ശോഭയ്ക്കു നല്കിയ ഉപദേശം. ശോഭയുടെ പരാതികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. എന്നാല്‍ ശോഭ പരാതി നല്കിയിട്ടുണ്ടെങ്കില് മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നു ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ശോഭയുടെ പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒഴിഞ്ഞുമാറി.
സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയതു മുതല്‍ ശോഭ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വാളയാറിലാണ് അവര്‍ പരസ്യമായ അതൃപ്തി പ്രകടമാക്കിയത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് കഴിഞ്ഞ ദിവസം ശോഭ കുറ്റപ്പെടുത്തി. തന്റെ അനുവാദമില്ലാതെയുള്ള നടപടിയില്‍ കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചു. അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരുമെന്ന് ശോഭ സുരേന്ദ്രന് വാളയാറില്‍ പറഞ്ഞു. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍പ്പെട്ട ആളുകളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പാലക്കാട് ബിജെപയില്നിന്ന് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ രാജിവെച്ചരുന്നു. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്, മുഖ്യശിക്ഷക് ആയിരുന്ന എന്‍. വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്ന് പുറത്തുപോയത്. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് പാര്‍ട്ടിവിട്ട എല്‍. പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വലിയ രീതിയില്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടക്കാരില്‍ നിന്ന് പണം വാങ്ങി ജനകീയ സമരത്തില്‍ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും രാജിവെച്ചവര്‍ ആരോപിച്ചു.
തര്‍ക്കം സുരേന്ദ്രന് അധ്യക്ഷ പദവി നല്‍കിയതിനെ ചൊല്ലി
നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭാ സുരേന്ദ്രന് വിട്ട് നിന്നത്. ഇതിന് പിന്നാലെ എപി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയായി.
ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന് പക്ഷത്തിന്റെ നേതാവ് കൂടിയായ കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് .ഇതിന് പിന്നാലെ പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.