Tuesday, June 22, 2021
Home News Kerala ഒടുവില്‍ മുഖ്യമന്ത്രിക്ക് മനംമാറ്റം; സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യ നാഥിന് കത്തയച്ചു

ഒടുവില്‍ മുഖ്യമന്ത്രിക്ക് മനംമാറ്റം; സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യ നാഥിന് കത്തയച്ചു

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പെടെ പല തവണ കരഞ്ഞ് അഭ്യര്‍ത്ഥിച്ചിട്ടും മറ്റൊരു സംസ്ഥാനത്തെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈയൊഴിഞ്ഞിരുന്നു. ഇന്ന് യുഡിഎഫിലെ 11 എംപിമാര്‍ സുപ്രിം കോടതി ജഡ്ജിക്ക് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

യു.എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം.

കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കാന്‍ ഇടപെടണമെന്നും യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ALSO WATCH

 

Most Popular