Monday, August 15, 2022
HomeNewsKeralaരോഗശയ്യയില്‍ കിടക്കുന്ന ഉമ്മയെ ഒരു നോക്ക് കാണാനുള്ള അവസരം പോലും തടയാന്‍ ശ്രമിച്ച് യുപി സര്‍ക്കാര്‍;...

രോഗശയ്യയില്‍ കിടക്കുന്ന ഉമ്മയെ ഒരു നോക്ക് കാണാനുള്ള അവസരം പോലും തടയാന്‍ ശ്രമിച്ച് യുപി സര്‍ക്കാര്‍; സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് രോഗാതുരയായ മാതാവിനെ കാണാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേരളം സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിം കോടതിയിലെ വാദം കേള്‍ക്കലില്‍ സംഭവിച്ച കാര്യങ്ങള്‍ മാതൃഭൂമിക്കു കോടതി കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന ബി ബാലഗോപാല്‍ വിശദീകരിക്കുന്നത് ഇങ്ങിനെ:

വില്‍സ് മാത്യു (KUWJ അഭിഭാഷകന്‍) : ഞങ്ങള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ഹാജര്‍ ആകുന്നത്.

ചീഫ് ജസ്റ്റിസ് ബോബ്‌ഡെ: യെസ് മിസ്റ്റര്‍ സിബല്‍.

കപില്‍ സിബല്‍ : ഞങ്ങള്‍ ഒരു പുതിയ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ (സിദ്ദിഖ് കാപ്പന്റെ) അമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആണ്. അമ്മയെ കാണാന്‍ അഞ്ച് ദിവസത്തെ ജാമ്യം അനുവദിക്കണം.

തുഷാര്‍ മേത്ത (ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി) : ഈ അപേക്ഷയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ സമയം അനുവദിക്കണം. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി ഫയല്‍ ചെയ്യാം.

കപില്‍ സിബല്‍ : അവരുടെ (സിദ്ദിഖ് കാപ്പന്റെ അമ്മയുടെ) നില അതീവ ഗുരുതരമാണ്. രണ്ടോ മൂന്നോ ദിവസം മാത്രമേ ജീവിക്കാന്‍ സാധ്യതയുള്ളു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ മരുന്നുകള്‍ നല്‍കുന്നതും നിറുത്തി. കഴിഞ്ഞ തവണ കോടതി വീഡിയോ കോണ്‍ഫറെന്‍സിലൂടെ അമ്മയോട് സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അമ്മയുടെ ആരോഗ്യനില അതിന് അനുവദിച്ചില്ല.

ചീഫ് ജസ്റ്റിസ് : അമ്മ ഇപ്പോള്‍ എവിടെയാണ്?

കപില്‍ സിബല്‍: കേരളത്തില്‍ലാണ്. അതീവ ഗുരുതരാവസ്ഥയില്‍ ആണ്.

തുഷാര്‍ മേത്ത : ഈ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ യോജിക്കാന്‍ എന്നെയും മോഹിപ്പിക്കുന്നു. എന്നാല്‍ ഈ അപേക്ഷയില്‍ മറുപടി നല്‍കാന്‍ എനിക്ക് സമയം അനുവദിക്കണം.

ചീഫ് ജസ്റ്റിസ് : ഒരു മകനെ അമ്മയെ അവസാനമായി കാണണം എന്നാണ് ആവശ്യം. അതിനോട് എല്ലാവര്‍ക്കും യോജിപ്പാണ്.

തുഷാര്‍ മേത്ത : പക്ഷേ ഈ അപേക്ഷയില്‍ മറുപടി നല്‍കാന്‍ അനുവദിക്കണം. ഇന്ന് വൈകിട്ട് തന്നെ മറുപടി ഫയല്‍ ചെയ്യാം.

ചീഫ് ജസ്റ്റിസ് : അതീവ ഗുരുതര അവസ്ഥയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മകനെ അനുവദിക്കണം എന്ന അപേക്ഷയാണിത്. ഇതില്‍ എന്ത് മറുപടി ആണ് ഫയല്‍ ചെയ്യേണ്ടത്?

തുഷാര്‍ മേത്ത : കേരളത്തില്‍ പല സ്ഥലങ്ങളിലും ഇതിനോടകം തന്നെ അദ്ദേഹം ( സിദ്ദിഖ് കാപ്പന്‍) രക്തസാക്ഷി ആണെന്നും സ്വാതന്ത്ര്യ സമര സേനാനി ആണെന്നും ചിത്രീകരിച്ച് പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. കേസ് നടത്തിപ്പിന് വേണ്ടി വ്യാപക പണ പിരിവാണ് നടക്കുന്നത്. കേരളം മുഴുവന്‍ അദ്ദേഹത്തെ പരേഡ് ചെയ്യിപ്പിക്കാന്‍ ആണ് ശ്രമം.

ചീഫ് ജസ്റ്റിസ് : അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് ഞങ്ങള്‍ ഉറപ്പ് വരുത്താം. ജാമ്യ വ്യവസ്ഥയില്‍ ഞങ്ങള്‍ അക്കാര്യം വ്യക്തമാക്കും.

തുഷാര്‍ മേത്ത : അമ്മയുടെ ആരോഗ്യ നില സംബന്ധിച്ച ഒരു മെഡിക്കല്‍ രേഖയും ഇവിടെ ലഭ്യമല്ല. സിബല്‍ പറയുന്നത് മാത്രമേ നമുക്ക് അറിയാവൂ.

കപില്‍ സിബല്‍ : അമ്മ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ അപേക്ഷയ്ക്ക് ഒപ്പം ഉണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആ ചിത്രം കണ്ടാല്‍ തന്നെ വ്യക്തമല്ലേ?

തുഷാര്‍ മേത്ത : ഇടക്കാല ജാമ്യം അനുവദിച്ചാല്‍ അത് മെയിന്‍ പെറ്റീഷനെ ബാധിക്കും. ഇദ്ദേഹം (സിദ്ദിഖ് കാപ്പന്‍) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ്.

ചീഫ് ജസ്റ്റിസ് : ഞങ്ങള്‍ അദ്ദേഹത്തിന്റെ (സിദ്ദിഖ് കാപ്പന്റെ) രാഷ്ട്രീയത്തെ കുറിച്ചല്ല പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആണ്. ഇത് ശരിയല്ല, നാളെ അവര്‍ മരിച്ച് പോയാല്‍ എന്തായിരിക്കും സംഭവിക്കുക?

തുഷാര്‍ മേത്ത: കേരളത്തില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാത്തത് കൊണ്ടാണ്…….

ചീഫ് ജസ്റ്റിസ് : പറയു എന്താണ് കേരളത്തില്‍ നടക്കുന്നത്?

തുഷാര്‍ മേത്ത : ഇപ്പോള്‍ തന്നെ ഇദ്ദേഹത്തെ (സിദ്ദിഖ് കാപ്പനെ) സ്വതന്ത്ര സമര സേനാനി എന്ന് ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രത്യകഷപെട്ടിട്ടുണ്ട്

കപില്‍ സിബല്‍ : അദ്ദേഹം (സിദ്ദിഖ് കാപ്പന്‍) ഓടിപോകുകയില്ല.

തുഷാര്‍ മേത്ത : ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ഇതുപോലെ ഒരു പുതിയ അപേക്ഷ മനുഷ്യത്തപരം എന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കാന്‍ കഴിയില്ല.

ചീഫ് ജസ്റ്റിസ് : അതീവ ഗുരുതരാവസ്ഥയിലുള്ള അമ്മ മരണം മുന്നില്‍ കണ്ടാണ് കഴിയുന്നത് എന്നാണ് സിബല്‍ പറയുന്നത്.

തുഷാര്‍ മേത്ത : ഞങ്ങളുടെ അറിവില്‍ അമ്മയുടെ നില അത്രയ്ക്ക് അതീവ ഗുരുതരം അല്ല. പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടന ആണ്. മത സ്പര്‍ദ്ദയും, ജാതി സ്പര്‍ദ്ദയും ഉണ്ടാക്കുന്നതിനുള്ള ലഘുരേഖകളും ആയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പത്ത് അഭിഭാഷകരാണ് കാപ്പന് വേണ്ടി ഹാജരായത്. കാപ്പന്റെ ഭാര്യ അദ്ദേഹത്തിന് നിയമസഹായത്തിന് വേണ്ടി പണം പിരിക്കുന്നു. ഏതോ ഒരു വംശഹത്യ നടത്തിയ ഹാജിയുടെ പിന്‍ഗാമി എന്നാണ് അദ്ദേഹത്തിനെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ എത്തിയാല്‍ അത് രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്ക് വഴിവയ്ക്കും.

ചീഫ് ജസ്റ്റിസ് : ഞങ്ങള്‍ സിബലിന്റെ വാദം മുഖവിലയ്ക്ക് എടുക്കുന്നു. മുമ്പ് ഈ കോടതി ബാംഗ്ലൂരില്‍ ഉളള ഒരാളെ (അബ്ദുല്‍ നാസ്സര്‍ മദനിയെ ) കേരളത്തില്‍ പോകാന്‍ അനുവദിച്ചിരുന്നു. ആ നിബന്ധനകള്‍ ഇവിടെയും ഉറപ്പാക്കാം.

കപില്‍ സിബല്‍ : സായുധ ഗാര്‍ഡുകളുടെ അകമ്പടി ആകാം.

ചീഫ് ജസ്റ്റിസ് : പരേഡ് ഉണ്ടാകില്ല എന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തും. സായുധ ഗാര്‍ഡുകള്‍ കാവല്‍ ഉണ്ടാകും. വീട്ടില്‍ മാത്രമേ താമസിക്കാന്‍ അനുവാദം ഉണ്ടാകു, സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കാന്‍ അനുമതി ഉണ്ടായിരിക്കില്ല.

തുഷാര്‍ മേത്ത : അമ്മയുടെ അസുഖം സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ ഒന്നും ഇല്ല. ഇത് നിയമ നടപടി മറികടക്കാന്‍ ഉള്ള നീക്കം ആണ്.

ചീഫ് ജസ്റ്റിസ് : ഒരു വ്യക്തിയും അമ്മ മരണ ശയ്യയില്‍ ആണെന്ന് കള്ളം പറയില്ല. ഇത് കള്ളമാണെങ്കില്‍ ഭാവിയില്‍ ഇങ്ങനെ ഉള്ള ഒരു അപേക്ഷയും ഞങ്ങള്‍ പരിഗണിക്കില്ല. നിയമപരമായ എന്ത് നിബന്ധനകള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് മുന്നോട്ട് വയ്ക്കാം,

തുഷാര്‍ മേത്ത : അങ്ങനെ എങ്കില്‍ അമ്മയെ കാണാന്‍ രണ്ട് ദിവസത്തേക്ക് അനുമതി നല്‍കാം.

കപില്‍ സിബല്‍ : ഇല്ല അഞ്ച് ദിവസം വേണം.

ചീഫ് ജസ്റ്റിസ് ഉത്തരവ് ഇറക്കുന്നു

(പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ)

രോഗ ബാധിത ആയ അമ്മയെ കാണാന്‍ സിദ്ദിഖ് കാപ്പന് കേരളത്തില്‍ അഞ്ച് ദിവസം പോകാന്‍ അനുമതി.

ബന്ധുക്കള്‍, ഡോക്ടര്‍മാര്‍, അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ ഒഴികെ ഉള്ളവരെ കാണാന്‍ അനുമതി ഇല്ല.

ഉത്തര്‍പ്രദേശ് പോലീസിന് ആണ് സുരക്ഷ ചുമതല. കേരള പോലീസ് ഉത്തര്‍പ്രദേശ് പോലീസുമായി സഹകരിക്കണം. ജയിലില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെ എത്തുന്നത് വരെ ഉത്തരവാദിത്വം ഉത്തര്‍പ്രദേശ് പൊലീസിന് ആയിരിക്കും.

തുഷാര്‍ മേത്ത : ഒരു വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണം. വീടിന് പുറത്ത് ഇറങ്ങരുത് എന്ന് നിര്‍ദേശിക്കണം.

ചീഫ് ജസ്റ്റിസ് : എന്താണ് മേത്ത ഇങ്ങനെ. പോലീസ് എപ്പോഴും ഉണ്ടല്ലോ. ഞങ്ങള്‍ അദ്ദേഹത്തെ ജയിലിലേക്ക് അല്ല അയക്കുന്നത്.

കപില്‍ സിബല്‍ : അദ്ദേഹത്തിന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ എന്ത് ചെയ്യും? വീട്ടില്‍ തന്നെ തുടരണം എന്ന് പറയാന്‍ ആകില്ല. അത് പോലെ അമ്മയെ കാണുമ്പോള്‍ പോലീസ് പാടില്ല.

തുഷാര്‍ മേത്ത : ഇല്ല ആ സമയത്ത് പോലീസ് കാണില്ല. പക്ഷേ ഞങ്ങള്‍ വീടിന് പുറത്ത് കാണും.

ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പടിവിക്കുന്നത് തുടരുന്നു

വീടിന് പുറത്ത് ആയിരിക്കണം പോലീസ് കാവല്‍. കാപ്പന്‍ അമ്മയെ കാണുമ്പോള്‍ പോലീസ് വീടിന് അകത്ത് കടക്കരുത്.

തുഷാര്‍ മേത്ത : ഇത് ഒരു വൈകാരിക വിഷയം ഉയര്‍ത്തി നിയമ വ്യവസ്ഥയെ മറികടക്കുക ആണ്.

ചീഫ് ജസ്റ്റിസ് : ഈ ഉത്തരവ് മെയിന്‍ പെറ്റീഷനെ ഒരു തരത്തിലും ബാധിക്കില്ല.

 

Most Popular