കൊച്ചി: അമ്മയുടെ ഓപ്പറേഷനു വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥനയില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് മണിക്കൂറുകള്‍ കൊണ്ട് ഒരു കോടിയിലേറെ രൂപ എത്തിയ സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നു. സംഭവത്തില്‍ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കിയതോടെ അന്വേഷണം പുതിയ തലത്തിലെത്തുകയാണ്.
സംഭവത്തിനു ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കു നിര്‍ദേശിച്ചതായും ഡിസിപി പറഞ്ഞു. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയില്‍ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ കുഴല്‍പ്പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിയാണ് അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. ഇതിന് സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ പണം തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് വര്‍ഷം പൊലീസിനു പരാതി നല്‍കിയത്.
സഹായിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നു
ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാന്‍ സഹായിച്ചവര്‍ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ് വര്‍ഷ വീണ്ടുമെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്‌ക്കൊപ്പം വര്‍ഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാന്‍ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജന്‍ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വര്‍ഷ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തില്‍ ഒരു മാസത്തെ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവില്‍ വര്‍ഷ പറഞ്ഞു.
ആവശ്യപ്പെട്ടത് 30 ലക്ഷം; എത്തിയത് ഒരു കോടിയിലേറെ
ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചതനുസരിച്ചായിരുന്നു വര്‍ഷ ഡിസിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തിയതോടെ ഇനി ആരും പണം അയയ്‌ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കൂടുതല്‍ തുക അക്കൗണ്ടില്‍ എത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെണ്‍കുട്ടിയെ സഹായിച്ച യുവാവ് പറയുന്നു. ഇതില്‍ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തല്‍. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്നു യുവതിയും പറയുന്നു. സര്‍ജറിക്കു കയറുന്നതിനു മുന്‍പാണ് താന്‍ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇവര്‍ പറയുന്നു.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പോ?
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മുന്‍കൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേര്‍പ്പെടുന്നതായാണു പോലിസ് സംശയിക്കുന്നത്. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കുന്നതായും വിവരമുണ്ട്. ഇതിനുശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യര്‍ഥന നടത്തുന്നതെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
അധികം വരുന്ന പണം എങ്ങോട്ട് പോകുന്നു?
അക്കൗണ്ടില്‍ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവര്‍ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തു വരുന്നതോടെ സ്വമനസാല്‍ പണം നല്‍കാന്‍ തയാറാകുന്നവരെ പിന്തിരിപ്പിക്കുന്നതിനും സത്യസന്ധമായി സാമൂഹിക സേവനം നടത്തുന്നവരുടെ ആത്മാര്‍ഥ ചോദ്യം ചെയ്യപ്പെടാനും ഇടയാക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തകര്‍ കോടികള്‍ പരിച്ച് ആളുകളെ സഹായിക്കുന്നുവെന്ന വാദങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതാണ് ഈ കേസ്.
ഇത്രയും പണമെത്തിയത് കരളലിയിക്കുന്ന കഥ കേട്ട്?
തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യര്‍ത്ഥിച്ചത്. രാധയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചത് മാറാതിരുന്നപ്പോള്‍ എറണാകുളം അമൃതയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്ന് മനസ്സിലായത്. ഉടനെ ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയില്‍നിന്ന് കരഞ്ഞുകൊണ്ട് ജനങ്ങള്‍ക്ക് മുന്നിലേക്ക് വര്‍ഷ ആദ്യമായി എത്തിയത്. വര്‍ഷയ്‌ക്കൊപ്പം തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്ബുക്ക് ലൈവില്‍ എത്തി. വര്‍ഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങളാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.
പ്രശ്‌നത്തിന് പിന്നില്‍ യുവതിയുടെ അത്യാര്‍ത്തിയോ?
ചാരിറ്റിയുടെ വിവാദം @FirosKunnamparambilOfficial വർഷയും തമ്മിലുള്ള ഒറിജിനൽ വോയിസ് ക്ലിപ്പ്. എഡിറ്റും കട്ടും ഒന്നുമില്ലാത്ത ഒർജിനൽ തന്നെ..ഇതിലെവിടെയാണ് ഫിറോസ്ക്ക ഭീഷണിപ്പെടുത്തുന്നത്. എവിടെയാണ് വിലപേശുന്നത് ..ഇനിയെങ്കിലും സത്യം മനസിലാക്കുക
Posted by Happy views on Friday, July 17, 2020
അതേ സമയം, വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒന്നേ കാല്‍ കോടിയോളം രൂപ എത്തിയതായും ഓപറേഷനും തുടര്‍ ചികില്‍സയ്ക്കും വീട് നിര്‍മിക്കുന്നതിനും ആവശ്യമായ തുകയും കഴിച്ചുള്ളത് മറ്റ് രോഗികള്‍ക്ക് കൊടുക്കണമെന്ന ആവശ്യം വര്‍ഷ നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമെന്ന് അവകാശപ്പെട്ട് സാജനും ഫിറോസ് കുന്നുംപറമ്പിലും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധമായി ഫിറോസ് കുന്നുപറമ്പിലും വര്‍ഷയും തമ്മിലുള്ള ഓഡിയോ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
social media charity under kerala polic scanner