Thursday, September 16, 2021
Home News Kerala മരിച്ച് അഴുകിയ അച്ചന്റെ മൃതദേഹത്തിനരികെ മദ്യപിച്ച് മകന്‍; രഞ്ജി ട്രോഫി മുന്‍ താരത്തിന്റെ കൊലപാതക ചുരുളഴിയുന്നു

മരിച്ച് അഴുകിയ അച്ചന്റെ മൃതദേഹത്തിനരികെ മദ്യപിച്ച് മകന്‍; രഞ്ജി ട്രോഫി മുന്‍ താരത്തിന്റെ കൊലപാതക ചുരുളഴിയുന്നു

തിരുവനന്തപുരം: ഒന്നര വര്‍ഷമായി അച്ഛനും മകനും ഒരുമിച്ചുള്ള മദ്യപാനവും ഒടുവിലുണ്ടായ കലഹവുമാണ് മുന്‍ രഞ്ചി ട്രോഫി താരം കെ ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. 2 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനുശേഷമാണ് ജയമോഹന്‍ തമ്പിയുടെ കുടുംബത്തില്‍ താളപ്പിഴകള്‍ കണ്ടു തുടങ്ങിയത്. പത്തുദിവസം തുടര്‍ച്ചയായി ജയന്‍മോഹന്‍ തമ്പിയും താനും മദ്യ ലഹരിയിലായിരുന്നുവെന്നും അവസാനത്തെ 3 ദിവസങ്ങളില്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും കൊലപാതകം നടത്തിയ മകന്‍ അശ്വിന്‍ മൊഴി നല്‍കി. കൊലയ്ക്കു ശേഷം പുറത്തു പോയി മദ്യം വാങ്ങി വന്ന് രാത്രിയും അടുത്ത ദിവസവും അശ്വിന്‍ മദ്യപിച്ചിരുന്നു.

അച്ഛന്‍ മരിച്ച് അഴുകിയ ദുര്‍ഗന്ധം നാടാകെ പരന്നിട്ടും അടുത്തു കിടന്ന അശ്വിനു അറിയാന്‍ പോലും കഴിയാത്ത രീതിയിലുള്ള മദ്യപാനമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യുമ്പോഴും അശ്വിന്‍ മദ്യലഹരിയിലായിരുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ അശ്വിനും മദ്യലഹരിയില്‍ വീട്ടിലുണ്ടായിരുന്നുവെന്നതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്.

മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജരുമാണ് കെ ജയമോഹന്‍ തമ്പി. ഭാര്യയുടെ മരണശേഷമാണ് ജയമോഹന്‍ തമ്പി പൂര്‍ണമായും മദ്യത്തിന് അടിമയായത്. ഗള്‍ഫില്‍ ഷെഫായി പ്രവര്‍ത്തിച്ചിരുന്ന അശ്വിന്‍ ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു മണക്കാട്ടെ വസതിയില്‍ താമസം. ഇതോടെ ഇരുവരും ഒരുമിച്ച് മദ്യാപനം തുടങ്ങി. അശ്വിന്‍ വിവാഹിതനായിരുന്നെങ്കിലും ഭാര്യ വേറെയാണ് താമസം. അമിതമായ മദ്യപാനം മൂലമാണ് ഇയാളുടെ ജോലി നഷ്ടപ്പെട്ടതെന്നാണ് വിവരം. പെന്‍ഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹന്‍ തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ അശ്വിന്റെ കൈവശമായിരുന്നു.

അശ്വിന്‍ അമിതമായി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും പതിവാണെന്നും തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകളെ ചൊല്ലി മദ്യപാനത്തിനു ശേഷം ഇരുവരും തമ്മില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. അശ്വിനെ അടുത്തിടെ ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടാക്കിയെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. ഇയാളുടെ ശല്യം നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ ഇളയ സഹോദരന്‍ ആഷിക് അടുക്കമുള്ളവര്‍ വീട്ടിലേക്കു വരാതെയായി.

ശനിയാഴ്ച രാവിലെ 11ന് ആണ് കൊലയിലേക്കു നയിച്ച തര്‍ക്കം ഉണ്ടായത്. അന്നു രാവിലെ തമ്പിയുടെ സുഹൃത്ത് വീട്ടിലെത്തി അശ്വിന്റെ കയ്യില്‍ നിന്നു പണം വാങ്ങി പോയി മദ്യം വാങ്ങി നല്‍കിയിരുന്നു. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ആവശ്യപ്പെട്ട പണം അശ്വിന്‍ നല്‍കാത്തതിനാല്‍ കാര്‍ഡുകള്‍ ജയമോഹന്‍ തമ്പി ആവശ്യപ്പെട്ടതാണ് അശ്വിനെ പ്രകോപിപ്പിച്ചത്.

അശ്വിന്‍ പിതാവിനെ ചുവരിനോടു ചേര്‍ത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്കില്‍ ചതവും പൊട്ടലുമുണ്ടായി. നിലത്തു വീണ തമ്പി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി. ഇതോടെ മുഖമടിച്ചു വീണ തമ്പിയുടെ നെറ്റിയിലും ഗുരുതര മുറിവുണ്ടായി. ബോധം പോയെങ്കിലും സമയത്ത് ആശുപത്രിയിലെത്തിക്കാത്തതാണ് മരണകാരണമായത്.

സിറ്റൗട്ടില്‍ തര്‍ക്കത്തിനു ശേഷം തമ്പി വീണുകിടക്കുന്നത് അയല്‍വാസികളിലൊരാള്‍ കണ്ടിരുന്നു. തമ്പിയെ അകത്തെ ഹാളിലേക്കു വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കണ്ടവരുണ്ട്. ആദ്യദിനം തന്നെ പൊലീസ് അശ്വിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും സംസ്‌കാര ചടങ്ങിനു മുന്‍പു വിട്ടയച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്നു വ്യക്തമായതോടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വീടില്‍ നിന്ന് മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീയിലുള്ള സ്ത്രീയാണ് തമ്പിയുടെ മരണം പുറംലോകത്തെ അറിയിച്ചത്.

അച്ഛന്‍ വീണുകിടക്കുന്നെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ഇളയ സഹോദരന്‍ ആഷിക്കിനെ വിളിച്ച് അശ്വിന്‍ പറഞ്ഞിരുന്നു. സ്ഥിരമായി ഇത്തരത്തില്‍ വിളിച്ച് പരാതി പറയുന്നതിനാല്‍ താന്‍ അവഗണിക്കുകയായിരുന്നുവെന്നാണ് ഇളയ സഹോദരന്‍ പോലിസിനോട് പറഞ്ഞത്.

son-arrested-for-murder-of-jayamohan-thampi


 

Most Popular